ഇടുക്കി : കനിവ് 108 സൗജന്യ ആംബുലൻസ് സേവനങ്ങളുടെ ജില്ലാതല ഉദ്ഘാടനം നാളെ ഉച്ചകഴിഞ്ഞ് 1.30ന് ചെറുതോണി ടൗണിൽ മന്ത്രി എം.എം മണി നിർവ്വഹിക്കും. റോഷി അഗസ്റ്റിൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എം.പിയും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യയും പൗലോസും മുഖ്യാതിഥികളായിരിക്കും.108 എന്ന ടോൾഫ്രീ നമ്പർ വഴിയോ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ കേന്ദ്രീകൃത കോൾസെന്ററിന്റെ സഹായത്തോടെ സൗജന്യ ആംബുലൻസ് സേവനം ലഭ്യമാകുന്ന തരത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരിക്കുന്നത്. കനിവ് 108 എന്ന പേരിൽ സംസ്ഥാനത്തൊട്ടാകെ നടപ്പിൽ വരുത്തുന്ന സൗജന്യ ആംബുലൻസ് ശൃംഖലയിൽ അത്യാധുനിക ജീവൻ രക്ഷാ ഉപകരണങ്ങളും പരിശീലനം സിദ്ധിച്ച സാങ്കേതിക വിദഗ്ദ്ധരും അടങ്ങിയ 315 ആംബുലൻസുകളുടെ സേവനം ഉറപ്പാക്കിയിരിക്കുന്നു. ഇടുക്കിക്ക് അനുവദിച്ച 15 ആംബുലൻസുകളുടെ പ്രവർത്തനോദ്ഘാടനവും ഫ്ളാഗ് ഓഫുമാണ് ചടങ്ങിൽ നിർവ്വഹിക്കുന്നത്.