തൊടുപുഴ: മുമ്പൊക്കെ മാസത്തിൽ ഒന്നായിരുന്നെങ്കിൽ,​ ഇപ്പോൾ വന്ന് വന്ന് ദിവസത്തിലൊന്ന് എന്ന മട്ടിലായി. പറഞ്ഞുവരുന്നത് തൊടുപുഴയിലെയും പരിസരപ്രദേശങ്ങളിലെയും മോഷണത്തെക്കുറിച്ചാണ്. ഓരോ ദിവസവും പുലരുന്നത് ഏതെങ്കിലും സ്ഥലത്തെ മോഷണവാർത്തയുമായാണ്. ഒരു ദിവസം പുറപ്പുഴയിലാണെങ്കിൽ പിറ്റേന്ന് മൂലമറ്റത്ത്,​ അതിന് പിറ്റേന്നാകട്ടെ അറക്കുളത്ത്...ഇങ്ങനെ മോഷണ പരമ്പര അവസാനമില്ലാതെ തുടരുകയാണ്. എന്നാൽ ഈ കള്ളന്മാരെയൊന്നും പിടികൂടാനാകാതെ പൊലീസ് വട്ടംകറങ്ങുകയാണ്.

അങ്കമാലി പൊലീസിന്റെ സഹായത്തോടെയാണെങ്കിലും കാഞ്ഞാറിൽ എ.ടി.എം തകർക്കാൻ നടത്തിയ ശ്രമിച്ച കേസിലെ പ്രതികളെ ദിവസങ്ങൾക്കകം പിടികൂടാനായത് മാത്രമാണ് ഏക ആശ്വാസം.

തിരുവോണ നാളിൽ രാത്രി സപ്ലൈക്കോ ഓഫീസിന്റെ ഭിത്തി തുരന്ന് പണമടക്കം അമ്പതിനായിരത്തിലേറെ രൂപയുടെ ഉത്പന്നങ്ങൾ കവർന്ന സംഭവത്തിൽ പൊലീസിന് ഇതുവരെ ഒരു തുമ്പും കിട്ടിയിട്ടില്ല. രണ്ട് ദിവസം മുമ്പാണ് പുറപ്പുഴയിൽ എസ്.എൻ.ഡി.പിയുടെയടക്കം രണ്ട് ക്ഷേത്രങ്ങളിൽ മോഷണം നടന്നത്. കഴിഞ്ഞ ദിവസം മൂലമറ്റം ഭാഗത്തും പലയിടത്തും മോഷണം നടന്നു. അറക്കുളത്തെ സ്കൂളിൽ ഇന്നലെയും കൂടി മോഷണം നടന്നു. ഈ ഭാഗത്ത് എല്ലാ ദിവസവും തുടർച്ചയായി മോഷണം നടക്കുന്നതിന് കാരണം പൊലീസ് ജാഗ്രതയില്ലാത്തതിനാലാണെന്ന ആക്ഷേപം ശക്തമാണ്. കഴിഞ്ഞ മാസം വഴിത്തല, മാറിക ഭാഗങ്ങളിൽ ഒട്ടേറെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും മോഷണശ്രമം നടന്നിരുന്നു. മൂന്ന് മാസത്തിനിടയിൽ 14 മോഷണങ്ങൾ ഈ പ്രദേശത്ത് നടന്നിരുന്നെങ്കിലും ആരെയും പിടികൂടിയില്ല. നഗരത്തിലുള്ള സി.സി.ടി.വികൾ പലയിടത്തും പ്രവർത്തന രഹിതമാണ്. മോഷണം തുടർക്കഥയായതോടെ നഗരത്തിൽ രാത്രികാലങ്ങളിൽ പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നാണ് ആവശ്യമുയരുന്നത്.


അക്രമികൾ കാണാമറയത്ത്

എവിടെയെങ്കിലും അക്രമമോ സംഘർഷമോ ഉണ്ടായാൽ പ്രതിഭാഗത്ത് ഭരണകക്ഷിക്കാരാണെങ്കിൽ പിന്നെ പൊലീസ് ആ ഭാഗത്തേക്ക് തിരിഞ്ഞുനോക്കില്ല. കേസിലെ പ്രതികൾ എല്ലാക്കാലവും കാണാമറയത്തായിരിക്കും. പൊലീസ് സ്റ്റേഷനിലടക്കം പ്രതികൾ കയറിയിറങ്ങിയാലും ഒളിവിലാണെന്നേ പറയൂ. തൊടുപുഴ നഗരത്തിലെ ബാറിൽ അക്രമം നടത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ ആഴ്ചകൾ പിന്നിട്ടിട്ടും പിടികൂടാനാവാത്തത് ഇതിന് ഒടുവിലത്തെ ഉദാഹരണമാണ്. ഡ്രൈഡേയിൽ പുലർച്ചെ ബാറിലെത്തി മദ്യം നൽകാത്തതിന് ജീവനക്കാരനെ മർദിച്ച കേസിലെ പ്രതികളായ ഡി.വൈ.എഫ്.ഐക്കാരെയാണ് പിടികൂടാത്തത്.

കേസിൽ പ്രതികളുടെ സി.സി ടി.വി ദൃശ്യങ്ങൾ പൊലീസിന് കിട്ടിയതാണ്. മാത്യൂസ് കൊല്ലപ്പള്ളി, ജിത്തു, ലിജോ തെക്കുംഭാഗം, ഗോപീകൃഷ്ണൻ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നിട്ടും പ്രതികൾ ഇപ്പോഴും പൊലീസിന്റെ കാണാമറയത്ത് തുടരുകയാണ്. പ്രതികൾ ഒളിവിലാണെന്നാണ പതിവ് പല്ലവി തന്നെയാണ് പൊലീസ് പറയുന്നത്. സംഭവത്തിന് തൊട്ടുപിന്നാലെ പ്രതികളായവരെ സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ഡി.വൈ.എഫ്.ഐ പുറത്താക്കിയിരുന്നു. പ്രതികളായവർക്ക് യാതൊരു സംരക്ഷണവും നൽകില്ലെന്നും അറിയിച്ചിരുന്നു. എന്നിട്ടും പ്രതികളെ പിടികൂടാൻ പൊലീസ് തയ്യാറാകാത്തതിൽ പരക്കെ പ്രതിഷേധമുണ്ട്.