hhh
വട്ടവടയിലെ കാർഷിക വിപണന കേന്ദ്രം, പൂർത്തിയായ ജലസേചന പദ്ധതി എന്നിവയുടെ ഉദ്ഘാടനം മന്ത്രി വി. എസ് സുനിൽ കുമാർ ഉദ്ഘാടനം ചെയ്യുന്നു.

ഇടുക്കി : വട്ടവട, കാന്തല്ലൂർ മേഖലകളിൽ 18 കോടി രൂപയുടെ പുതിയ പദ്ധതികൾ അടുത്ത ഒരു വർഷത്തിനുള്ളിൽ നടപ്പിലാക്കുമെന്ന് കൃഷി മന്ത്രി വി.എസ് സുനിൽ കുമാർ. വട്ടവടയിലെ കാർഷിക - വിപണന സമുച്ചയം ,പൂർത്തികരിച്ച ജലസേചന പദ്ധതി എന്നിവയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാന്തല്ലൂർ, വട്ടവട പഞ്ചായത്തുകളിലെ വിവിധ കുടികളിൽ കാർഷിക മേഖലക്കായി കൂടുതൽ പദ്ധതികൾ നടപ്പിലാക്കും. കൃഷിക്ക് പുറമെ തടയണ നിർമ്മാണത്തിനായി മൂന്ന് കോടി രൂപയുടെ പദ്ധതികളും ആവിഷ്‌ക്കരിക്കും .വട്ടവടക്ക് 10 കോടിയും കാന്തല്ലൂരിന് 8 കോടിയുമാണ് അനുവദിക്കുക. മൂന്നാറിലെ തോട്ടം തൊഴിലാളികൾക്കായി അടുക്കള തോട്ടം നിർമ്മിക്കാൻ പദ്ധതി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ശീതകാല പച്ചക്കറികൾ സംഭരിക്കുന്നതിനും വിപണനം നടത്തുന്നതിനുമാണ് വട്ടവടയിൽ കൃഷി വിപണന കേന്ദ്രം ആരംഭിച്ചത്. ശീതകാല പച്ചക്കറി വിപണന കേന്ദ്രം എന്ന നിലയിലും പരിശീലന കേന്ദ്രം എന്ന നിലയിലുമാണ് തുടർ പ്രവർത്തനങ്ങൾ. 2.60 കോടിയാണ് പദ്ധതിക്കായി ചിലവഴിച്ചത്. ഇടനിലക്കാരില്ലാതെ ഓൺലൈൻ മാർക്കറ്റിംഗ് സംവിധാനത്തിലേക്കും വിപണന കേന്ദ്രത്തെ മാറ്റുകയാണ് ലക്ഷ്യം ഇതിനായി കൃഷി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി രത്തൻ യു ഖേൽക്കറിനെ മന്ത്രി ചുമതലപ്പെടുത്തി. ഹോർട്ടികോപ്പ് മുഖേന കർഷകർക്ക് ലഭിക്കാനുള്ള കുടിശിക നൽകാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.എസ് രാജേന്ദ്രൻ . എം എൽ എ അദ്ധ്യക്ഷത വഹിച്ചു.വട്ടവട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.രാമരാജ്, സംസ്ഥാന ഹോൾട്ടി കൾച്ചർ മിഷൻ എംഡി ജെ ജസ്റ്റിൻ മോഹൻ, കേരള കാർഷിക സർവ്വകലാശാല വൈസ് ചാൻസലർ ആർ ചന്ദ്രബാബു ,ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീപാർട്ടി പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.


വെളുത്തുള്ളി പ്രദർശനം

കാർഷിക സമുച്ചയ ഉദ്ഘാടനത്തോടനുബന്ധിച്ചു കൃഷിവകുപ്പ് സംഘടിപ്പിച്ച വെളുത്തുള്ളി പ്രദർശനം ശ്രദ്ധേയമായി. വട്ടവട, കാന്തല്ലൂർ മേഖലയിൽ മാത്രം വിളയുന്ന അത്യധികം ഗുണമേൻമയേറിയ ഇനം വെളുത്തുള്ളിയാണ് മലപ്പൂണ്ടൺ്. വലിപ്പവുംം ഔഷധ ഗുണവുമാണ് മലപ്പൂണ്ടിന്റെ സവിശേഷത. മലപ്പൂണ്ടൺി വെളുത്തുള്ളിയുടെ ഗുണമേൻമ രാജ്യാന്തര തലത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് കൃഷി വകുപ്പ്. ഈ വെളുത്തുള്ളി ഇനത്തെ ഭൗമ സൂചികയിൽപ്പെടുത്താനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് കൃഷിമന്ത്രി വി.എസ് സുനിൽകുമാറും ഇതുസംബന്ധിച്ച് ഗവേഷണം നടത്തുന്ന കാർഷിക സർവ്വകലാശാലയിലെ ഡോ.ജലജ എസ്.മേനോനും അറിയിച്ചു. ഒരു വർഷം വരെ കേടുകൂടാതെ സൂക്ഷിക്കാൻ കഴിയുന്ന മലപ്പൂൺണ്ട് എന്ന ഈ മലനാടൻ വെളുത്തുള്ളിക്ക് കിലോ 300 രൂപ വരെയാണ് വില.


കാർഷിക മേഖലക്ക് കരുത്തേകി വട്ടവടയിൽ 12 ജലസേചന പദ്ധതികൾ

മഴനിഴൽ പ്രദേശമായ വട്ടവടയിൽ കാർഷിക മേഖലക്ക് കരുത്ത് പകർന്ന് 12 ജലസേചന പദ്ധതികൾ. പൂർത്തിയായ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി വി. എസ് സുനിൽ കുമാർ നിർവ്വഹിച്ചു. വിവിധ പ്രദേശങ്ങളെ കോർത്തിണക്കിയാണ് പദ്ധതി നടപ്പിലാക്കിയത്. 4.45 കോടിയാണ് പദ്ധതിക്കായി ചിലവഴിച്ചത്. പഴത്തോട്ടം, കുളത്തു മുട്ട, പള്ളംവയൽ തോട്, കൊട്ടക്കംമ്പൂർ, ചിലന്തിയാൽ, ഊരക്കാട് തുടങ്ങിയ പ്രദേശങ്ങളിലായാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. വേനൽക്കാലങ്ങളിൽ കർഷകർക്ക് ജലസേചന പദ്ധതികൾ കൂടുതലായി പ്രയോചനപ്പെടുത്താം. വനം വകുപ്പിന്റെ സഹകരണത്തോടെ വിവിധ ഇട ങ്ങളിൽ പ്രകൃതി സൗഹാർദ്ദ തടയണകൾ നിർമ്മിക്കാൻ പദ്ധതികൾ ഒരുക്കമെന്നും നിലവിലുള്ളവ സംരക്ഷിക്കുമെന്നും മന്ത്രി വട്ടവടയിൽ പറഞ്ഞു.