ഇടുക്കി : സംസ്ഥാന സർക്കാരിന്റെ സമ്പൂർണ പാർപ്പിട സുരക്ഷ പദ്ധതിയായ ലൈഫ് മിഷൻ മൂന്നാംഘട്ട നടത്തിപ്പിന് എല്ലാ വകുപ്പുകളും സംയോജിതമായി സഹകരിക്കും. ഗ്രാമപഞ്ചായത്തുകൾ നേതൃനിരയിൽ നിന്ന് പ്രവർത്തിക്കും. ഇത് സംബന്ധിച്ച് ജില്ലാ കളക്ടർ എച്ച് ദിനേശന്റെ അദ്ധ്യക്ഷതയിൽ ലൈഫ് മിഷൻ ജില്ലാതല കർമസേന യോഗം കളക്ട്രേറ്റിൽ ചേർന്നു. പ്രധാനമായും മൂന്നാംഘട്ടത്തിൽ ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസമാണ് ലക്ഷ്യമിടുന്നതെന്നും ഇതിനായുള്ള ഭൂമി സമാഹരിക്കൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ജില്ലയിൽ നടത്തണമെന്നും നവകേരള മിഷൻ സംസ്ഥാന കോഓർഡിനേറ്റർ ചെറിയാൻ ഫിലിപ്പ് യോഗത്തിന് നേതൃത്വം നല്കിക്കൊണ്ട് സംസാരിച്ചു. റേഷൻ കാർഡ് എന്ന മാനദണ്ഡം മാറ്റാതെ മറ്റേതെങ്കിലും മാനദണ്ഡത്തിൽ ഗുണഭോക്താക്കളെ ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാരിനോട് ശുപാർശ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിൽ മൂന്നാംഘട്ടത്തിൽ അർഹതയുള്ള 5410 ഗുണഭോക്താക്കളാണുള്ളത്.ഇതിന്റെ നടത്തിപ്പിനായി ജില്ലയിൽ എല്ലാ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ കർമ്മപദ്ധതികൾ രൂപികരിക്കും. ഡിസംബർ 31 നകം ജില്ലയിലെ 10682 വീടുകളുടെയും പണിയാണ് പൂർത്തിയാക്കുന്നത്.
വാസയോഗ്യമല്ലാത്ത വീടുകൾ വാസയോഗ്യമാക്കും
നാലു ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന ലൈഫ് മിഷൻ ഒന്നാം ഘട്ടത്തിൽ വിവിധ പദ്ധതികളിൽ നിർമ്മാണം ഏറ്റെടുത്ത് മുടങ്ങിപ്പോയ അപൂർണമായ വീടുകളുടെ പൂർത്തികരണവും രണ്ടാം ഘട്ടത്തിൽ ഭൂമിയുള്ള ഭവനരഹിതരുെട ഭവനനിർമാണവും മൂന്നാംഘട്ടത്തിൽ ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസവും നാലാം ഘട്ടത്തിൽ വാസയോഗ്യമല്ലാത്ത വീടുകൾ വാസയോഗ്യമാക്കുകയുമാണ് പ്രവർത്തന പദ്ധതികൾ. സംസ്ഥാന സർക്കാരിന്റെ ബഡ്ജറ്റ് വിഹിതവും ത്രിതല തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെ പദ്ധതി വിഹിതവും ഹഡ്‌കോ വായ്പയും സ്‌പോൺസർഷിപ്പും ക്രൗഡ് ഫണ്ടിംഗും ഉൾപ്പെടെയുള്ള ധനസഹായ മാർഗ്ഗങ്ങളിലൂടെയാണ് വിവിധഘട്ടങ്ങളുടെ പൂർത്തികരണം ലക്ഷ്യമിടുന്നത്.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്സ്യാ പൗലോസ്, ലൈഫ് മിഷൻ ജില്ലാ കോ ഓർഡിനേറ്റർ കെ പ്രവീൺ, പ്രൊജക്ട് ഡയറക്ടർ പി.സുരേന്ദ്രൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസ്സോസിയേഷൻ പ്രസിഡണ്ട് എ.റ്റി അഗസ്റ്റിൻ, സെക്രട്ടറി കെ.പി ബിനു, വിവിധ ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാർ, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ജില്ലയിലെ ഭൂപ്രകൃതി അനുസരിച്ച് ലൈഫിലെ മാനദണ്ഡങ്ങൾക്ക് മാറ്റം വരുത്തണമെന്നും സർക്കാർ നൽകിയ ഭൂമിയിൽ വീട് വെയ്ക്കാൻ സാദ്ധ്യമല്ലാത്തവരെ ഭൂരഹിത ഭവനരഹിതരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തണം
ഇ.എസ് ബിജിമോൾ എം.എൽ.എ
റേഷൻ കാർഡ് എന്ന മാനദണ്ഡം മാറ്റാതെ മറ്റേതെങ്കിലും മാനദണ്ഡത്തിൽ ഗുണഭോക്താക്കളെ ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാരിനോട് ശുപാർശ ചെയ്യും
ചെറിയാൻ ഫിലിപ്പ്
നവകേരള മിഷൻ
സംസ്ഥാന കോഓർഡിനേറ്റർ