ഇടുക്കി : ജില്ലാ കലക്ടർ എച്ച് ദിനേശൻ അദ്ധ്യക്ഷനായ ജില്ലാ കേബിൾ ടിവി മോണിറ്ററിങ് കമ്മിറ്റി പുനസംഘടിപ്പിച്ചു. കലക്ട്രേറ്റിൽ ചേർന്ന സമിതിയുടെ പ്രഥമ യോഗം കേബിൾ ടിവി സംപ്രേഷണം ശക്തമായി നിരീക്ഷീക്കാൻ തീരുമാനിച്ചു. രജിസ്റ്റർ ചെയ്യാത്ത കേബിൽ ടിവി സ്ഥാപനങ്ങൾ ഉടൻ നിയമപരമായ രജിസ്റ്റർ നടപടി പൂർത്തിയാക്കണമെന്ന് സമിതി നിർദ്ദേശിച്ചു. കേബിൽ ടിവി നെറ്റ് വർക്ക് (റെഗുലേഷൻ)ആക്ട് നിഷ്‌കർഷിക്കുന്ന പ്രോഗ്രാം കോഡ് അഡ്വർടൈസ്‌മെന്റ് കോഡ് എന്നിവ കർശനമായി പാലിക്കാനും സമിതി ആവശ്യപ്പെട്ടു. ജില്ലാ പൊലീസ് മേധാവി ടി. നാരായണൻ, അടിമാലി സ്‌റ്റെല്ലാ മേരീസ് കോളേജ് പ്രിൻസിപ്പാൾ സിസ്റ്റർ പുഷ്പലത, ശിശുക്ഷേമസമിതി സെക്രട്ടറി കെ. ആർ ജനാർദ്ദനൻ, ഗിരി ജ്യോതി കോളേജ് പ്രിൻസിപ്പാൾ ഫാ. ടോജി പുത്തൻകടുപ്പിൽ, ജില്ലാ വിമൺ കൗൺസിൽ സെക്രട്ടറി ഡോ. റോസക്കുട്ടി എബ്രാഹാം എന്നിവർ അംഗങ്ങളും ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ. സതീഷ്‌കുമാർ സമിതിയുടെ കൺവീനറുമാണ്. കേബിൽ ടിവിയിൽ വരുന്ന പരിപാടികളിൽ പരാതിയുള്ളവർക്ക് ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, കുയിലിമല, ഇടുക്കി എന്ന വിലാസത്തിൽ അറിയിക്കാമെന്ന് സമിതി അറിയിച്ചു.