മുട്ടം :കാഞ്ഞാർ പൊലീസ് സ്റ്റേഷന്റെ പരിധിയിലുള്ള ദേവരുപാറ മഹാക്ഷേത്രം, കുളമാവ് സ്റ്റേഷൻ പരിധിയിലുള്ള ഗുരുതികളം ശ്രീ ഭദ്രകാളി ക്ഷേത്രം, കോട്ടയം അയർക്കുന്നത്തുള്ള സ്വകാര്യ പണമിടപാട് സ്ഥാപനം എന്നിവിടങ്ങളിൽ മോഷണം നടത്തിയ വെള്ളിയാമറ്റം ദേവരുപാറ പലകുന്നിൽ പ്രദീപ്‌ കൃഷ്ണനെ ( കരുമാടി ) പൊലീസ് പിടി കൂടി.ചൊവ്വാഴ്ച്ച രാത്രി മൈലാടിയിലുള്ള വീട്ടിൽ നിന്ന് റബ്ബർ ഷീറ്റും ഓട്ടുപാലും മോഷണം നടത്തി റോഡിലൂടെ നടന്ന് വന്ന പ്രതി പൊലീസിനെ കണ്ട് ഓടിയതിനെ തുടർന്ന് പൊലീസ് ഇയാളെ ഓടിച്ചിട്ട് പിടി കൂടുകയായിരുന്നു. വിവിധ വീടുകളിൽ നിന്ന് ഓട്ടുപാൽ റബ്ബർ ഷീറ്റ് മോഷണം, സ്‌കൂളുകളും വ്യാപാര സ്ഥാപനങ്ങളും വീടുകളും കുത്തിത്തുറന്ന് മോഷണം തുടങ്ങി വിവിധ കേസുകളാണ് ഇയാളുടെ പേരിലുള്ളതെന്ന് പൊലീസ് പറഞ്ഞു.പതിനേഴാം വയസിൽ മോഷണം തുടങ്ങിയ പ്രതി ഏതാനും നാളുകൾക്ക് മുൻപ് കാഞ്ഞാർ, ഇടുക്കി സ്റ്റേഷനുകളിൽ കളവ് കേസിൽ ശിക്ഷിക്കപ്പെട്ട് കഴിഞ്ഞ ജൂണിലാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. പകൽ സമയം ആളില്ലാത്ത വീടുകളിൽ തങ്ങി രാത്രിയിൽ മോഷണം നടത്തി മോഷണ സാധനങ്ങളുമായി കടന്ന് കളയുന്നതാണ് പ്രതിയുടെ രീതി. ഇടുക്കി, കോട്ടയം ജില്ലകളിലായി നിരവധി സ്ഥലങ്ങളിൽ ഇയാൾ മോഷണം നടത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്.കാഞ്ഞാർ സി ഐ അനിൽ കുമാർ, എസ് ഐ സിനോദ്, എ എസ് ഐ സജി, എസ് സി പി ഒ മാരായ ബിനോയ്‌ തോമസ്, സി പി ഒ മാരായ സുനി കെ എ, ജോയ് തോമസ്, ബിജു മോൻ എന്നിവരുടെ നേതൃത്വത്തിൽ രാത്രിയിൽ നടത്തിയ പട്രോളിംഗിലാണ് പ്രതിയെ പിടി കൂടിയത്.