ഇടുക്കി: കൊച്ചി- ധനുഷ്‌കോടി ദേശീയപാത നിർമാണം വീണ്ടും അനിശ്ചിതത്വത്തിൽ. പൂപ്പാറ ടൗണിൽ വിട്ടുനൽകേണ്ടിവരുന്ന സ്ഥലത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹാരിസൺ മലയാളം കമ്പനി കോടതിയിൽ നിന്ന് സ്റ്റേ നേടിയതോടെയാണ് നിർമ്മാണം പ്രതിസന്ധിയിലായത്. ഏറെ ഇടുങ്ങിയ പൂപ്പാറ ടൗണിലൂടെ കടന്നുപോകുന്ന ദേശീയപാത ടൗണിന് സമീപത്ത് നിന്ന് എച്ച്.എം.എൽ കമ്പനിയുടെ സ്ഥലത്ത് കൂടി ഗതിമാറ്റി വിടാനായിരുന്നു രൂപരേഖ തയ്യാറാക്കിയിരുന്നത്. പന്നിയാർ പുഴയ്ക്ക് കുറുകെ പുതിയ പാലവും അപ്രോച്ച് റോഡും നിർമ്മിച്ച് ടൗണിന് പിൻഭാഗത്തുകൂടി കടത്തിവിടുകയാണ് ലക്ഷ്യം. ഇക്കാര്യത്തെക്കുറിച്ച് തീരുമാനിക്കുന്നതിനായി ജനപ്രതിനിധികളുടെയും കമ്പനി അധികൃതരുടെയും പൊതു പ്രവർത്തകരുടെയും യോഗം ജൂണിൽ ഇടുക്കി കളക്ടറേറ്റിൽ ചേർന്നിരുന്നു. പുതിയ സർവേ പ്രകാരം പണികൾ ചെയ്യുന്നതിനോട് കമ്പനി അനുകൂല നിലപാട് സ്വീകരിക്കുകയും ഇക്കാര്യം കളക്ടറേറ്റിലെ മിനിട്‌സിൽ രേഖപ്പെടുത്തുകയും ചെയ്തതാണ്. എന്നാൽ ഇതിന് ശേഷം എച്ച്.എം.എൽ നിലപാട് മാറ്റി. തങ്ങളുടെ കൈവശത്തിലുള്ള ഭൂമിയിലൂടെ റോഡ് നിർമ്മിക്കുന്നതിന് ഒന്നരകോടി രൂപ നഷ്ടപരിഹാരം ആശ്യപ്പെട്ട് കോടതിയെ സമീപിച്ച് നിർമ്മാണ പ്രവർത്തനങ്ങൾക്ക് സ്റ്റേ വാങ്ങുകയായിരുന്നു. മരങ്ങൾ മുറിക്കുന്നതിൽ വനംവകുപ്പിന്റെ കടുത്ത എതിർപ്പും പ്രതികൂല കാലാവസ്ഥയും ഉൾപ്പെടെ നിരവധി പ്രതിസന്ധികൾക്കിടയിലൂടെ നിർമ്മാണം ഇഴഞ്ഞ് നീങ്ങുന്നതിനിടെയാണ് പുതിയ വെല്ലുവിളി ഉടലെടുത്തിരിക്കുന്നത്. ഈ സഹാചര്യത്തിൽ എച്ച്.എം.എൽ കമ്പനിയുടെ നടപടി തിരുത്തുന്നതിനും ദേശീയപാത നിർമ്മാണം പൂർത്തീകരിക്കുന്നതിനും സർക്കാർ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.