മുട്ടം: തുടങ്ങനാട്, വിച്ചാട്ടുകവല, വല്ലിപ്പാറ റോഡിന്റെ വശങ്ങളിൽ മക്ക് മണ്ണ് തള്ളി. ചള്ളാവയൽ - ഈരാറ്റുപേട്ട റോഡിൽ ഐറീഷ് ഓട നിർമിക്കുന്നതിനായി മാറ്റിയ മണ്ണാണ് വീതികുറഞ്ഞ റോഡിന്റെ 3 കിലോമീറ്ററോളം നീളത്തിൽ തള്ളിയത്.ചള്ളാവയൽ -തുടങ്ങനാട്, ചള്ളാവയൽ - കാഞ്ഞിരം കവല റോഡിന് വീതി കുറഞ്ഞതിനാൽ ഇത് വഴി യുള്ള കാൽനടയാത്ര പോലും അസാധ്യമായി. വീതി കുറവുള്ള സ്ഥലങ്ങളിൽ മണ്ണ് ഇട്ടത് പല സ്ഥലങ്ങളിലും എതിരെ വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ പോലും വീതിയില്ല. മൺകൂന ഇട്ടതിനാൽ മിക്ക സ്ഥലങ്ങളിലെയും ഓടകൾക്ക് മുകളിലായതിനാൽ ഓടകൾ മുഴുവനായും മൂടിപ്പോയി. മുട്ടം ഈരാറ്റുപേട്ട റോഡിൽ ഇടുക്കി ജില്ലയിലെ റോഡിന് ഐറിഷ് ഓട നിർമിക്കുന്നതിന്റെ ഭാഗമായാണ് ഈ റൂട്ടിലും ഐറീഷ് ഓട നിർമ്മിക്കുന്നത്. മണ്ണിനൊപ്പം കുപ്പിച്ചില്ല് തുരുമ്പിച്ച ഇരുമ്പിന്റെ അംശങ്ങളും മറ്റു മാലിന്യങ്ങളും ഉണ്ട്. വീതിയില്ലാത്ത റോഡിൽ പൊതുമരാമത്ത് വകുപ്പ് മണ്ണ് നിക്ഷേപിച്ചത് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായി.ലേലം നൽകാത്തതിനാൽ മണ്ണ് മറ്റിടങ്ങളിൽ നിക്ഷേപിക്കാൻ സാധിക്കില്ല എന്നാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥർ പറയുന്നത്. ഇവിടെ നിന്നു മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മാറ്റിയാൽ ഈ റോഡിനു ഇരുവശങ്ങളിലും കുഴിയാകാൻ സാധ്യതയുണ്ട്.