മറയൂർ: മറയൂർ പഞ്ചായത്തിൽ ടെണ്ടർ നടപടികളിൽ വ്യാപക ക്രമക്കേട് നടത്തുന്നുവെന്നാരോപിച്ച് കരാറുകാർ ടെണ്ടർ നടപടികൾ ബഹിഷ്‌കരിച്ചു.കരാറുകാരുടെ ബഹിഷ്‌കരണത്തെ തുടർന്ന് അരക്കോടി രൂപയുടെ പത്തൊൻപത് കരാർജോലികളാണ് ഏറ്റെടുക്കാൻ ആളില്ലാതെ മുടങ്ങിയിരിക്കുന്നത്. തദ്ദേശിയരായ കരാറുകാരെ പൂർണ്ണമായും ഒഴിവാക്കി ഡി സി സി അംഗം ഉൾപ്പെടയുള്ള പുറമേ നിന്നുള്ള കരാറുകാരെ എത്തിച്ചതിനെ തുടർന്നാണ് പ്രദേശത്തെ 30പേരടങ്ങുള്ള കാരാറുകാർ മറയൂരിൽ ബുധനാഴ്ച്ച നടന്ന ടെണ്ടർ നടപടികൾ ബഹിഷ്‌കരിച്ചത്.
കഴിഞ്ഞ വർഷവും പുറമേ നിന്നുള്ള കാരാറുകാർക്കാണ് സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കൽ, വൃദ്ധർക്ക് കട്ടിൽ വിതരണം, കമ്പിളി പുതപ്പ് വിതരണം, പഠനോപകരണ വിതരണം എന്നിവ നൽകിയത് എന്നാൽ ഈ പ്രവർത്തികളിൽ വ്യാപകമായ ക്രമക്കേട് നടന്നതായി ഭരണസമിതിയിൽ തന്നെ ആക്ഷേപം ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ വീണ്ടും അത്തരക്കാരായ കരാറുകാർക്ക് പ്രവർത്തികൾ അനുവദിച്ച് നൽകുന്നതിനായി പഞ്ചായത്ത് ശ്രമം നടത്തിയതിനെ തുടർന്ന് പ്രദേശവാസികളായ കരാറുകാർ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. ഡി സി സി ശുപാർശ പ്രകാരമാണ് ഇത്തരത്തിൽ പ്രവർത്തികൾ കഴിഞ്ഞതവണയും അനുവദിച്ച് നൽകിയതെന്ന് കരാറുകാർ ആരോപിക്കുന്നു.