ഇടുക്കി: ജോയ്സ് ജോർജ് ഉൾപ്പെട്ട കൊട്ടക്കമ്പൂർ ഭൂവിഷയത്തിൽ തൊട്ട സബ്‌കളക്ടർമാരെല്ലാം തൽസ്ഥാനത്ത് നിന്ന് തെറിക്കുമെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമായി ഡോ.രേണുരാജും. ജോയ്സ് ജോർജിന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള പട്ടയവും തണ്ടപ്പേരും റദ്ദാക്കി രണ്ടാഴ്ച കഴിയുമ്പോഴാണ് ദേവികുളത്തെ ആദ്യ വനിതാ സബ്കളക്ടർ സ്ഥലമാറി പോകുന്നത്. ഇന്നലെ തന്നെ പട്ടയം റദ്ദാക്കിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തുവെന്നതും യാദൃശ്ചികമായി. 2015 മുതലാണ് ദേവികുളത്തെ ഉദ്യോഗസ്ഥരും രാഷ്ട്രീയനേതൃത്വവും തമ്മിലുള്ള പോര് തുടങ്ങുന്നത്. ആർ.ഡി.ഒയുടെ ചുമതലയുണ്ടായിരുന്ന സബിൻ സമീദാണ് ആദ്യം രാഷ്ട്രീയക്കാർക്ക് അനഭിമതനായത്. കക്കൂസ് മാലിന്യം സ്‌കൂൾ പരിസരത്തേയ്ക്കും പുഴയിലേക്കും ഒഴുക്കിയതിന് റിസോർട്ടുകൾക്ക് സ്റ്റോപ്പ് മെമ്മോ നൽകിയതാണ് അദ്ദേഹത്തെ നോട്ടപുള്ളിയാക്കിയത്. ഇതിനിടെ മാട്ടുപ്പെട്ടി റോഡിലെ അനധികൃത ഇരുനില കെട്ടിടം പൊളിച്ചുനീക്കിയതിന് പിന്നാലെ സബിൻ സമീദിനെ മൂന്നാറിൽ നിന്ന് മാറ്റി. പകരം എത്തിയത് സബ് കളക്ടറായി ശ്രീറാം വെങ്കിട്ടരാമനായിരുന്നു. കൊട്ടാക്കമ്പൂർ, വട്ടവട വില്ലേജുകളിലെ ഭൂരേഖകളുടെ പരിശോധന തുടങ്ങിയത് മുതലാണ് ശ്രീറാം വെങ്കിട്ടരാമൻ സി.പി.എം ജില്ലാ നേതൃത്വത്തിന്റെ കണ്ണിലെ കരടാകുന്നത്. കൊട്ടാക്കമ്പൂരിലെ ഭൂമി വിവാദത്തിൽ ഹിയറിംഗിനായി ജോയ്സിന് നോട്ടീസ് അയച്ചതോടെ സി.പി.എം നേതാക്കൾ ശ്രീറാമിനെതിരെ പരസ്യമായി രംഗത്തെത്തി. മന്ത്രി എം.എം. മണി, ജോയ്‌സ് ജോർജ് എം.പി, എസ്. രാജേന്ദ്രൻ എം.എൽ.എ എന്നിവർ ശ്രീറാമിനെ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. സബ് കളക്ടറുടെ ഓഫീസിനു മുന്നിൽ സി.പി.എം പോഷക സംഘടനയായ കേരള കർഷക സംഘം ഒരു മാസത്തോളം സമരവും നടത്തിയിരുന്നു. ഒടുവിൽ കാത്തിരുന്ന് കിട്ടിയ അവസരം പോലെ വിവാദ കുരിശുപൊളിക്കൽ സ്ഥലംമാറ്റാൻ കാരണമായെന്ന് മാത്രം. തുടർന്ന് 2017 ജൂലായിൽ സബ്‌കളക്ടറായി വി.ആർ. പ്രേംകുമാറെത്തി. അനധികൃത കൈയേറ്റങ്ങൾക്കെതിരെ പ്രേംകുമാറും കർശന നടപടികളുമായി മുന്നോട്ടുനീങ്ങി. ജോയ്‌സിന്റെയും കുടുംബാംഗങ്ങളുടെയും പേരിൽ കൊട്ടക്കമ്പൂരിലെ ഭൂമിയിലുള്ള പട്ടയം റദ്ദ് ചെയ്തതോടെ പ്രേംകുമാറിനെതിരെ സി.പി.എം നേതാക്കൾ കടന്നാക്രമണം തന്നെ നടത്തി. സബ്കളക്ടർ വട്ടനാണെന്ന് മന്ത്രി എം.എം. മണിയും പ്രേംകുമാർ ഐ.എ.എസ് കോപ്പിയടിച്ച് നേടിയതാണെന്ന് എസ്. രാജേന്ദ്രൻ എം.എൽ.എയും പറഞ്ഞു. ജോയ്‌സിന്റെയും കുടുംബത്തിന്റെയും കൈവശമുള്ള 20 ഏക്കർ ഭൂമി സർക്കാരിന്റെ തരിശുഭൂമിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു പട്ടയം സബ് കളക്ടർ റദ്ദാക്കിയത്. തുടർന്ന് സബ് കളക്ടർക്കെതിരെ പരസ്യമായ പ്രതിഷേധങ്ങൾ മൂന്നാറിലും ദേവികുളത്തും നടന്നു. തുടർന്നാണ് നാല് മാസം മാത്രം സബ്‌കളക്ടർ സ്ഥാനത്തിരുന്ന പ്രേംകുമാറിനെ ശബരിമല സ്പെഷ്യൽ ഓഫീസറായി നിയമിക്കുന്നത്. ഇതിന് പകരമായാണ് ഡോ. രേണു രാജ് സബ് കളക്ടറായെത്തുന്നത്. പ്രളയത്തിൽ വെള്ളം കേറിയ പുഴയോരത്ത് പഞ്ചായത്ത് എൻ.ഒ.സിയില്ലാതെ മൂന്നുനില കെട്ടിടം നിർമ്മിക്കുന്നതിന് സ്റ്റോപ്പ് മെമ്മോ നൽകിയതിനെ ചൊല്ലി പൊതുജനമദ്ധ്യത്തിൽ എസ്. രാജേന്ദ്രൻ എം.എൽ.എ രേണുരാജിനെ അപമാനിച്ചത് വലിയ വിവാദമായി. സി.പി.എം കൈവിട്ടതോടെ എം.എൽ.എയ്ക്ക് പരസ്യമായി മാപ്പ് പറയേണ്ടി വന്നു. ഇത് ഒരുവിധം അടങ്ങിയപ്പോഴാണ് കഴിഞ്ഞ ഒമ്പതിന് ജോയ്സ് ജോർജിന്റെയും കുടുംബത്തിന്റെയും പേരിലുള്ള കൊട്ടക്കമ്പൂരിലെ ഭൂമിയുടെ പട്ടയവും തണ്ടപ്പേരും വീണ്ടും റദ്ദാക്കി രേണുരാജ് ഉത്തരവിറക്കുന്നത്. ഉദ്യോഗസ്ഥ ലോബിയുടെ ഗൂഢാലോചനയാണ് പട്ടയം റദ്ദാക്കിയതിന് പിന്നിലെന്നായിരുന്നു ജോയ്സ് അന്ന് ആരോപിച്ചത്. ഇതാണോ സ്ഥലംമാറ്റത്തിന് കാരണമെന്ന് വ്യക്തമല്ലെങ്കിലും കൊട്ടക്കമ്പൂരിൽ തൊട്ടവരൊന്നും അധികകാലം വാണ ചരിത്രമില്ല.
9 വർഷം, 15 സബ്‌കളക്ടർമാർ
അഞ്ചു ദിവസം സ്ഥാനത്തിരുന്ന ഇ.സി. സ്‌കറിയ മുതൽ ഒമ്പത് വർഷത്തിനിടെ ദേവികുളത്തെത്തിയ 15 സബ് കളക്ടർമാരാണ് സ്ഥലംമാറിപോയത്. 2010ൽ ചുമതലയേറ്റ എ. ഷിബു മൂന്നു മാസം മാത്രമാണ് ജോലി ചെയ്തത്. തുടർന്നു വന്ന എം.ജി. രാജമാണിക്യം ഒന്നര വർഷത്തോളമിരുന്നു. ജി.ആർ.ഗോകുൽ ഒരു വർഷവും രണ്ടു മാസവും. ഗോകുൽ പിന്നീട് ഇടുക്കി ജില്ലാ കളക്ടറായി. എസ്. രാജീവ് രണ്ടു മാസവും കെ.എൻ.രവീന്ദ്രൻ, എൻ.ടി.എൽ.റെഡ്ഡി എന്നിവർ ഒരു മാസം വീതവും സബ് കളക്ടറായി.