വടകര: കാറിൽ കടത്തുകയായിരുന്ന അൻപത് കിലോ കഞ്ചാവുമായി അറസ്റ്റിലായ കേസിൽ രണ്ടു പ്രതികൾക്കും 15 വർഷം കഠിനതടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ. ഇടുക്കി അടിമാലി മണ്ണംകുന്നം മൈലാടിയിൽ അഫ്സൽ .എം.ഷെറീഫ്(25), ഇടുക്കി ഇരുമ്പുപാലം വാളാറ കുപ്പശ്ശേരി ധനീഷ് പവിത്രം (30) എന്നിവർക്കാണ് വടകര എൻ.ഡി.പി.എസ് കോടതി ജഡ്ജ് എം.വി.രാജകുമാര ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കണം.
കേസ്സിനു ആസ്പദമായ സംഭവം 2018 ആഗസ്റ്റ് 8 നായിരുന്നു. ആന്ധ്രപ്രദേശിൽ നിന്ന് കടത്തികൊണ്ടുവന്ന കഞ്ചാവാണ് ഇവരിൽനിന്ന് പിടിച്ചെടുത്തത്. നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി അശ്വകുമാർ, മുക്കം എസ്.ഐ. കെ.പി.അഭിലാഷ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയ്ക്കിടയിൽ അരീക്കോട് മുക്കം സംസ്ഥാനപാതയിലെ ഓടത്തെരുവിൽ കാറിൽ കടത്തുകയായിരുന്ന 50 കിലോ 350 ഗ്രാം കഞ്ചാവുമായാണ് പ്രതികൾ പിടിയിലായത്. കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു കഞ്ചാവ്. ആന്ധ്രപ്രദേശിലെ അറക്ക എന്ന സ്ഥലത്ത് നിന്നു മലബാർ മേഖലയിലേയും കർണ്ണാടകയിലെ ബൈരക്കുപ്പയിലെയും മൊത്തവിതരണക്കാർക്ക് കൊണ്ടുവന്നതായിരുന്നു കഞ്ചാവ്. പ്രോസിക്യൂഷനു വേണ്ടി അഡിഷണൽ പബ്ലിക് പ്രൊസിക്യൂട്ടർ എ.സനൂജ് ഹാജരായി.