തൊടുപുഴ: വെങ്ങല്ലൂർ കവലയിലെ ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണം സിഗ‌്നൽ ലൈറ്റ് ഇല്ലാത്തതാണ് എന്നായിരുന്നു നാട്ടുകാരുടെ ആക്ഷേപം. എന്നാൽ ലക്ഷങ്ങൾ മുടക്കി സിഗ്നൽ ലൈറ്റ് സ്ഥാപിച്ചെങ്കിലും പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമായില്ല. എന്നുമാത്രമല്ല, പ്രശ്നം കൂടുതൽ വഷളാകുകയും ചെയ്തു.
കോലാനി - വെങ്ങല്ലൂർ ബൈപാസ് തുറന്നതോടെ തൊടുപുഴ നഗരം,പൈങ്ങോട്ടൂർ, മുവാറ്റുപുഴ,കോലാനി പ്രദേശങ്ങളിലേക്ക് വെങ്ങല്ലൂർ കവലയിൽ തിരിഞ്ഞ് പോകാം എന്ന സ്ഥിതിയായി. ഇതോടെ വെങ്ങല്ലൂർ കവലയിലൂടെ നാല് ഭാഗത്തേക്കും കടന്ന് പോകുന്ന വാഹനങ്ങളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചു. മാത്രമല്ല, വെങ്ങല്ലൂർ കവലയിൽ നിന്ന് തൊടുപുഴ നഗരത്തിലേയ്ക്കും മുവാറ്റുപുഴ,പൈങ്ങോട്ടൂർ ഭാഗത്തേയ്ക്ക് പോകുന്ന ബസുകൾക്ക് കൃത്യമായ സ്റ്റോപ്പില്ലാത്തത് യാത്രക്കാർക്ക് ദുരിതമായി. ബസുകൾ എവിടെയാണ് നിർത്തുന്നത് എന്നറിയാതെ വെങ്ങല്ലൂർ ജംഗ്ഷനിലൂടെ യാത്രക്കാർ തലങ്ങുംവലങ്ങും ഓടാൻ തുടങ്ങിയതോടെ റോഡപകടങ്ങൾ നിത്യ സംഭവമാകുകയും ചെയ്തു.
വെങ്ങല്ലൂർ ജംഗ്ഷനിൽ ചുവപ്പ് ലൈറ്റ് തെളിഞ്ഞാൽ തൊടുപുഴ നഗരത്തിൽ നിന്ന് മുഴാറ്റുപുഴ ഭാഗത്തേക്ക് പോകുന്ന ബസുകൾ കവലയ്ക്ക് ഇപ്പുറത്ത് നിർത്തി ഇറക്കുകയാണ് പതിവ്. ഈ സമയം മുവാറ്റുപുഴ റൂട്ടിൽ ജംഗ്ഷന് അപ്പുറം നിൽക്കുന്ന യാത്രക്കാർ ബസിൽ കയറാൻ ഇപ്പുറത്തേക്ക് ഓടും.
ചില സമയത്ത് തൊടുപുഴ നഗരത്തിൽ നിന്ന് മുവാറ്റുപുഴ ഭാഗത്തേയ്ക്ക് വരുന്ന ബസുകൾ ചുവന്ന സിഗ്നൽ ലൈറ്റ് പ്രകാശിക്കാത്തതിനാൽ ജംഗ്ഷന് അപ്പുറത്തായി നിർത്തുകയും ചെയ്യും. ഈ സാഹചര്യത്തിൽ ജംഗ്ഷന് ഇപ്പുറത്ത് നിൽക്കുന്ന യാത്രക്കാർ ബസിൽ കയറാൻ അപ്പുറത്തേയ്ക്ക് പായും. ഇത്തരത്തിൽ ആകെ കുഴഞ്ഞുമറിഞ്ഞ അവസ്ഥയാണുള്ളത്.
പൈങ്ങോട്ടൂർ ഭാഗത്ത് നിന്ന് വരുന്ന ബസുകൾ ചിലയവസരങ്ങളിൽ സിഗ്നൽ ലൈറ്റ് കടന്ന് പുതിയ റോഡിലൂടെയാണ് നഗരത്തിലെത്തുന്നത്.
ഇങ്ങനെ എത്തുന്ന ബസുകൾ പുതിയ റോഡിൽ നിർത്തി ആളെ കയറ്റുന്നതിനാൽ തൊടുപുഴ ഭാഗത്തേക്ക് പോകാൻ പഴയ റോഡിൽ നിൽക്കുന്ന യാത്രക്കാർക്ക് ബസ് കിട്ടാത്ത അവസ്ഥയാണുള്ളത്.
ഇത്തരത്തിൽ യാതൊരു നിയന്ത്രണവുമില്ലാതെ ബസുകൾ നിർത്തുന്നതിനെച്ചൊല്ലി ദിവസവും ഇവിടെ വാക്കേറ്റം പതിവാണ്.
സ്ത്രീകളേയും കുട്ടികളേയും പ്രായമായവരേയുമാണ് ഇതെല്ലാം ഏറെ ദുരിതത്തിലാക്കുന്നത്. ഇവിടെ നിന്ന് ദിവസവും രാവിലെയും വൈകുന്നേരവും യാത്രചെയ്യുന്ന വിദ്യാർത്ഥികളുടെ അവസ്ഥയും ഏറെ കഷ്ടത്തിലാണ്. തൊടുപുഴ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ പൈങ്ങോട്ടൂർ ഭാഗത്തേക്ക് പോകാനായി അമിത വേഗതയിൽ പഴയ റോഡിലേയ്ക്ക് വെട്ടിത്തിരിയുന്നതും അപകടത്തിന് കാരണമാകുന്നുണ്ട്.
കാത്തിരിപ്പിലും
കാര്യമുണ്ടായില്ല
വെങ്ങല്ലൂർ ജംഗ്ഷനിൽ തൊടുപുഴ, മുവാറ്റുപുഴ, പൈങ്ങോട്ടൂർ ഭാഗത്തേക്ക് പോകുന്ന ബസുകൾ കൃത്യമായി നിർത്തുന്നതിന് ജംഗ്ഷനിൽ നിന്ന് മാറി സ്വകാര്യ വ്യക്തികളുമായി സഹകരിച്ച് ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കാൻ ആവശ്യമായ നടപടികൾ അധികൃതർ ആലോചിച്ചെങ്കിലും ഒന്നും നടന്നില്ല.