മുട്ടം: മലങ്കര അണക്കെട്ടിന് സമീപം കുടിൽ കെട്ടി താമസിക്കുന്നവരുടെ പുനരധിവാസവുമായി ബന്ധപ്പെട്ടുളള യോഗം ഇന്ന് രാവിലെ 11 ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേരും.യോഗത്തിലേക്ക് 13 കുടംബക്കാരേയും ക്ഷണിച്ചിട്ടുണ്ട്.13 കുടുംബക്കാർക്ക് സ്ഥലവും വീടും നൽകുന്നതിനായി മലങ്കര ഹില്ലി അക്വാ കുപ്പിവെള്ള ഫാക്ടറിക്ക് സമീപം സർക്കാർ സ്ഥലം അനുവദിച്ചിരുന്നു.ഇതിൻ പ്രകാരം ഒരു വീടിന് നാല് ലക്ഷം രൂപ ക്രമത്തിൽ പഞ്ചായത്തും ഹഡ്ക്കോയും സംയുക്തമായി വീട് നിർമ്മിക്കാൻ പദ്ധതി വിഭാവനം ചെയ്തു.എന്നാൽ സർക്കാർ അനുവദിച്ച സ്ഥലത്തിന്റെ കാട് വെട്ടി തെളിച്ച് മണ്ണ് മാറ്റി നിലം നിരപ്പാക്കുന്നതിന് ഒരു ലക്ഷം രൂപയോളം ചെലവ് വരുന്നതിനാൽ തുടർ പ്രവർത്തനങ്ങൾ സ്തംഭിച്ചു.ഈ ആവശ്യത്തിന് പഞ്ചായത്ത് തനത് വരുമാന ഫണ്ടോ പദ്ധതിയിനത്തുലുളള ഫണ്ടോ ഉപയോഗിക്കാൻ സാധിക്കുകയുമില്ല.തൊഴിലുറപ്പ് പദ്ധതി പ്രകാരം മനുഷ്യ പ്രയത്നം മാത്രമേ ഉപയോഗിക്കാൻ കഴിയു എന്നതിനാൽ പൂർണ്ണമായും ഇതിൻ പ്രകാരമുളള ഫണ്ടും ഉപയോഗിക്കാൻ കഴിയില്ല.പദ്ധതിയുടെ തുടർ നടപടികൾ ആലോചിക്കാനാണ് ഇന്ന് ബന്ധപ്പെട്ടവരുടെ യോരം ചേരുന്നത് . എന്നാൽ ഇതുമായി ബന്ധപ്പെട്ട് നടപടികൾ എങ്ങും എത്താത്തതിനാൽ പദ്ധതിക്ക് വേണ്ടി വക കൊളളിച്ച ഫണ്ട് വകമാറ്റി ചെലവഴിക്കാൻ നീക്കം നടക്കുന്നതായി ആരോപണം ഉയർന്നിട്ടുണ്ട്.നിരവധി നൂലാമാലകൾക്ക് ശേഷമാണ് ഈ കുടുബങ്ങൾക്ക് മലങ്കര ഹില്ലി അക്വാ കുപ്പിവെള്ള ഫാക്ടറിക്ക് സമീപം സ്ഥലം അനുവദിച്ചത്.എന്നാൽ ഇതുവരെ ഇവർക്ക് വീട് വെയ്ക്കുവാനുള്ള പ്രാഥമിക നടപടികൾ പോലും ആയില്ല.പ്രാദേശികമായ രാഷ്ട്രീയ വടം വലികളാണ് പദ്ധതി ആരംഭിക്കുവാൻ തടസമാകുന്നത്.13 കുടുബങ്ങൾ മലങ്കര ടൂറിസം പദ്ധതിയോട് ചേർന്ന് കുടിൽ കെട്ടി താമസിക്കുന്നത് മലങ്കര പദ്ധതിയുടെ വികസനത്തിനും തടസ്സമാണ്.

ആരോപണം അടിസ്ഥാനരഹിതം: പഞ്ചായത്ത് പ്രസിഡൻറ്

13 കുടുബങ്ങൾക്ക് വീട് നിർമ്മിക്കുവാനുള്ള തുക വകമാറ്റാനുള്ള നീക്കം നടക്കുന്നുവെന്ന ആരോപണം അടിസ്ഥാന രഹിതമാണ്.. അനുവദിച്ചിരിക്കുന്ന സ്ഥലം നിരപ്പാക്കാൻ ഒരു ലക്ഷത്തോളം രൂപ വേണ്ടി വരും. ഇപ്പോഴത്തെ സാഹചര്യത്തിൽ ആ തുക കണ്ടെത്തുക പഞ്ചായത്തിന് പ്രയാസമാണ്.ഇതിനെക്കുറിച്ച് ചർച്ച ചെയ്യുവാൻ ബന്ധപ്പെട്ടവരുടെ യോഗം ഇന്ന് പഞ്ചായത്തിൽ ചേരുന്നുണ്ട്.സ്ഥലം നിരപ്പാക്കാൻ സമയ പരിധി നിശ്ചയിക്കും. അത് നടപ്പിലായില്ലെങ്കിൽ തുക ലാപ്സായി പോകാതിരിക്കാൻ മററ് വഴികൾ തേടും. ഇപ്പോൾ നടക്കുന്ന പ്രചരണങ്ങൾ അടിസ്ഥാനമില്ലാത്തതും രാഷ്ട്രീയ പ്രേരിതവുമാണ്

കുട്ടിയമ്മ മൈക്കിൾ

പഞ്ചായത്ത് പ്രസിഡൻറ്

.