തൊടുപുഴ: ഇടവെട്ടി പഞ്ചായത്തിൽ കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു. എം.വി.ഐ.പി കനാൽ കടന്നുപോകുന്ന മേഖലകളിലാണ് സംഘം സജീവമായത്. ശാരദക്കവല, നടയം, ഇടവെട്ടി, ഇടവെട്ടി വനം, തൊണ്ടിക്കുഴ, ആർപ്പാമറ്റം, കൊതകുത്തി തുടങ്ങിയ സ്ഥലങ്ങളിൽ നാട്ടുകാർക്ക് ഭീഷണിയായി മാഫിയാ സംഘം തഴച്ചുവളരുകയാണ്. നാട്ടുകാരെ ആക്രമിക്കാൻ ശ്രമിക്കുകയും അസഭ്യവർഷം നടത്തുന്നതും പതിവാണ്. കഴിഞ്ഞ ദിവസം ഇവിടെ കഞ്ചാവ് വിൽപ്പനയെ എതിർത്തയാളെ ഇവർ സംഘം ചേർന്ന് ആക്രമിക്കാൻ ശ്രമിച്ചു. രാത്രിയായാൽ പുറത്തിറങ്ങാൻ പേടിയാണെന്നാണ് നാട്ടുകാർ പറയുന്നത്. ചില കെട്ടിടങ്ങൾ കേന്ദ്രീകരിച്ചാണ് സംഘം പ്രവ‌ർത്തിക്കുന്നത്. ഒറ്റപ്പെട്ട മേഖലയായതിനാൽ ഇവിടെ മറ്റാരും എത്താറില്ല. അടുത്തിടെ ഇവിടെ രണ്ട് മോഷണങ്ങളും നടന്നിരുന്നു. ആളൊഴിഞ്ഞ റബർതോട്ടങ്ങളും സംഘം കേന്ദ്രമാക്കുകയാണ്. കഞ്ചാവ് വിൽക്കുന്നതിനൊപ്പം വലിക്കുന്നതിനുള്ള സൗകര്യവും ഒരുക്കി നൽകാൻ ഇവിടെ പ്രത്യേക ഏജന്റുമാർ പ്രവർത്തിക്കുന്നതായും നാട്ടുകാർ പറയുന്നു. പൊലീസോ എക്‌സൈസോ എത്തിയാൽ രക്ഷപ്പെടാൻ നിരവധി വഴികളുള്ളതും ഇവരെ പിടികൂടുന്നതിന് തടസമാണ്. സംഘത്തിന്റെ ഭീഷണി ഭയന്ന് ആരും പരാതി നൽകാനും തയ്യാറല്ല.