തൊടുപുഴ: വിദ്യാർത്ഥികളെ കയറ്റാതെ സ്വകാര്യ ബസുകൾ മരണപാച്ചിൽ നടത്തുന്നു. തൊടുപുഴയിലും പരിസരപ്രദേശങ്ങളിലുമുള്ള പല പ്രധാന സ്റ്റോപ്പുകളിലും ബസുകൾ കൃത്യമായി നിറുത്തുന്നില്ലെന്നാണ് പരാതി. സ്റ്റോപ്പുകളിൽ വിദ്യാർത്ഥികൾ മാത്രമാണെങ്കിൽ ബസുകൾ നിറുത്താതെ വിട്ടുപോവുകയാണ് പതിവ്. യാത്രക്കാർ ഇറങ്ങാനുണ്ടെങ്കിൽ സ്റ്റോപ്പിൽ നിന്ന് മാറി നിറുത്തി ആളെ ഇറക്കിയ ശേഷം വിദ്യാർത്ഥികൾ ഓടിയെത്തുംമുമ്പെ പറക്കും. ചില ബസുകൾ വിദ്യാർത്ഥികളോട് ദേഷ്യപ്പെട്ട് മാറി നിൽക്കാനും അടുത്ത ബസിൽ കയറാനും ആവശ്യപ്പെടുന്ന സംഭവങ്ങളുമുണ്ട്. നഗരത്തിലെ പ്രധാന സ്റ്റോപ്പുകളിലൊന്നായ കാഞ്ഞിരമറ്റം അമ്പലം ജംഗ്ഷനിലടക്കം സ്വകാര്യ ബസുകൾ വിദ്യാർത്ഥികളെ കയറ്റുന്നില്ലെന്ന് പരാതിയുണ്ട്. കിഴക്കൻ മേഖലയിൽ നിന്നും മൂവാറ്റുപുഴ ഭാഗത്ത് നിന്നും സ്വകാര്യ ബസ് സ്റ്റാൻഡിലേക്ക് പോകുന്ന ബസുകളാണ് വിദ്യാർത്ഥികളെ മനപൂർവം അവഗണിക്കുന്നത്. രാവിലെ കുട്ടികൾ നിൽക്കുന്ന ഭാഗത്ത് നിന്ന് മാറ്റി നിർത്തുകയും ഓടിയെത്തിയാൽ വിദ്യാർത്ഥികളെ കയറ്റാതെ പായുകയുമാണ് പതിവ്. മുതലയാർമഠം, കാഞ്ഞിരമറ്റം ഭാഗങ്ങളിൽ നിന്നായി നൂറ് കണക്കിന് വിദ്യാർത്ഥി വിദ്യാർത്ഥിനികളാണ് ഇവിടെ എത്തി യാത്ര ചെയ്യുന്നത്. സ്റ്റാൻഡിലെത്തി അവിടെ നിന്ന് വിവിധ സ്ഥലങ്ങളിലുള്ള സ്‌കൂളുകളിലേക്ക് പോകുന്ന ബസുകളിൽ കയറേണ്ടതുണ്ട്. ബസ് നിറുത്താതെ വരുമ്പോൾ വിദ്യാർത്ഥികൾ ആട്ടോറിക്ഷ വിളിച്ചും കാൽനടയായും സ്റ്റാൻഡിലെത്തേണ്ട അവസ്ഥയാണുള്ളത്. ഇവിടെ നിന്ന് ഒരു കിലോ മീറ്ററോളം ദൂരത്തിലാണ് പ്രൈവറ്റ് ബസ് സ്റ്റാൻഡ് സ്ഥിതി ചെയ്യുന്നത്. ഇവിടെ വരെ നടന്ന് പിന്നീട് സ്‌കൂളിലെത്തുമ്പോഴേക്കും വൈകും. കുട്ടികളെ ബസിൽ കൃത്യമായി കയറ്റണമെന്ന് നിയമമുള്ളപ്പോഴാണ് ബസുകാരുടെ ഈ പ്രവൃത്തികൾ. സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാരും രക്ഷിതാക്കളും രംഗത്തെത്തി കഴിഞ്ഞു. ബസ് നിറുത്തുന്ന സ്ഥലം നിർണയിക്കണമെന്നും രാവിലെ സമയങ്ങളിൽ പൊലീസിനെ ഇവിടെ ഡ്യൂട്ടിയ്ക്ക് ഇടണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.