തൊടുപുഴ: നഗരത്തിൽ നിയമത്തിന് പുല്ലുവില കൽപ്പിച്ച് വാഹനങ്ങൾ തോന്നിയ പോലെ ഫുട്പാത്തിലും മറ്റുമിട്ട് പോകുന്നവർ ഇനി വിവരമറിയും. രാവിലെ വണ്ടിയെവിടെങ്കിലും തള്ളിയിട്ട് വൈകിട്ട് വന്ന് നോക്കിയാൽ 'ആട് കിടന്നിടത്ത് പൂട പോലും കാണില്ല'. റോഡ് നിയമങ്ങൾ ലംഘിച്ച് പാർക്ക് ചെയ്യുന്ന വാഹനങ്ങൾ ഇനി മുതൽ പൊലീസ് ക്രെയിൻ ഉപയോഗിച്ച് നീക്കും. നേരത്തെ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ സ്റ്റിക്കർ ഒട്ടിക്കുകയായിരുന്നു ചെയ്തിരുന്നത്. വെറും പെറ്റിക്കേസായതിനാൽ പിഴയടച്ച ശേഷം നിയമലംഘനം വീണ്ടും തുടരുമായിരുന്നു. മണിക്കൂറുകൾ ട്രാഫിക് കുരുക്കിന് പോലും ഇടയാക്കുന്ന വിധത്തിൽ വലിയ തലവേദനയായി അനധികൃത പാർക്കിംഗ് മാറിയതോടെയാണ് വാഹനം കസ്റ്റഡിയിലെടുക്കാനുള്ള നടപടികളിലേക്ക് പൊലീസ് നീങ്ങിയത്. ഇനി റോഡ് നിയമങ്ങൾ ലംഘിച്ച് പാർക്ക് ചെയ്യുന്ന വണ്ടികൾ നേരെ പൊലീസ് റിക്കവറി വാഹനങ്ങൾ ഉപയോഗിച്ച് സ്റ്റേഷനിലേക്ക് നീക്കും. വാഹനാപകടങ്ങൾ ഉണ്ടായാലും ഇത്തരം റിക്കവറി വാഹനങ്ങൾ ഉപയോഗിക്കാം. ജില്ലയിലെ പ്രധാന നഗരമെന്ന നിലയിൽ ഇവിടെ ട്രാഫിക് പൊലീസിന് റിക്കവറി വെഹിക്കിൾ വേണമെന്ന് നേരത്തെ തന്നെ ഡിപ്പാർട്ടുമെന്റിലേക്ക് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നു. ജില്ലയിൽ ആകെയുള്ള റിക്കവറി വാഹനം എ.ആർ ക്യാമ്പിലാണുള്ളത്. അപകടമോ മറ്റോ സംഭവിച്ചാൽ വാഹനങ്ങൾ റോഡുകളിൽ നിന്ന് നീക്കുന്നതിനാണ് ഇത് ഉപയോഗിച്ചിരുന്നത്. അതാണ് ഇനി തൊടുപുഴയിലെ ട്രാഫിക് പരിശോധനയ്ക്ക് ഉപയോഗിക്കുന്നത്.
പാർക്കിംഗ് തോന്നിയപോലെ
അതിരാവിലെ തന്നെ നഗരത്തിലെ റോഡുകളുടെ ഇരുവശവും പാർക്ക് ചെയ്ത വാഹനങ്ങൾ കൊണ്ടു നിറയും. രാവിലെ റോഡുകളുടെ വശങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്ത ശേഷം വിവിധ ആവശ്യങ്ങൾക്കായി ദൂരസ്ഥലങ്ങളിലേക്ക് ബസിൽ പോകുന്നവരുണ്ട്. അമ്പലം ബൈപാസ്, പ്രസ്ക്ലബ് റോഡ്, മൂലമറ്റം റോഡ്, ഇടുക്കി റോഡ്, ഗാന്ധി സ്‌ക്വയർ, മിനി സിവിൽ സ്റ്റേഷന് സമീപം എന്നിവിടങ്ങളിലെല്ലാം നിരവധി വാഹനങ്ങളുടെ നീണ്ട നിര കാണാം. പാർക്കിംഗ് നിരോധിച്ചിരിക്കുന്ന മേഖലകളിൽ നോ പാർക്കിംഗ് ബോർഡുകൾ പൊലീസ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിനു മുന്നിൽ തന്നെയാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ടൗണിൽ അമ്പതോളം സ്ഥലങ്ങളിൽ നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഫുട്പാത്തിൽ വരെ വാഹനങ്ങൾ അനധികൃത പാർക്കിംഗ് നടത്തുന്നതിനാൽ കാൽനടയാത്രക്കാരും ബുദ്ധിമുട്ടുന്നുണ്ട്. കൂടാതെ ഗതാഗത തടസത്തിനും കാരണമാകുന്നുണ്ട്.
''പലതവണ സ്റ്റിക്കർ പതിച്ച് പിഴ ഈടാക്കിയിട്ടും അനധികൃത പാർക്കിംഗിന് ഒരു കുറവുമില്ല. അനധികൃതമായി പാർക്ക് ചെയ്യുന്ന വണ്ടികൾ റിക്കവറി വാഹനം ഉപയോഗിച്ച് സ്റ്റേഷനിൽ കൊണ്ടുവന്ന് തുടങ്ങിയാൽ ഒരു പരിധിവരെ ട്രാഫിക് നിയമലംഘനങ്ങൾ തടയാനാകുമെന്നാണ് കരുതുന്നത്.""
- ടി.എം. ഇസ്മായിൽ
(ട്രാഫിക് എസ്.ഐ)