തൊടുപുഴ: "ഫുട്പാത്തിൽ വാഹനം പാർക്ക് ചെയ്യുന്നത് മാന്യതയല്ല" നഗരത്തിൽ അനധികൃതമായി പാർക്ക് ചെയ്തിരുന്ന വാഹനങ്ങളുടെ മേൽ പതിച്ചിരുന്ന പോസ്റ്ററിലെ വാചകങ്ങളാണിത്. തൊടുപുഴ എ.പി.ജെ അബ്ദുൾകലാം ഹയർ സെക്കൻഡറി സ്‌കൂളിന് മുന്നിലും റെസ്റ്റ് ഹൗസിന് മുന്നിലും ഫുട്പാത്ത് കൈയേറി പാർക്ക് ചെയ്തിരുന്ന വാഹനങ്ങളുടെ മുൻവശത്തെ ഗ്ലാസിലാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. ഇന്നലെ ഉച്ചയോടെ പ്രത്യക്ഷപ്പെട്ട പോസ്റ്റർ പതിച്ചതരാണെന്ന് വ്യക്തമല്ല. നോ പാർക്കിംഗ് ബോർഡിന് മുന്നിൽ നിറുത്തിയിട്ടിരുന്ന ആട്ടോറിക്ഷയിലും സമീപത്ത് കിടന്ന കാറിലും പോസ്റ്റർ ഒട്ടിച്ചിട്ടുണ്ട്. വെള്ലപേപ്പറിൽ പേന കൊണ്ടെഴുതിയ പോസ്റ്റർ എഴുതി പതിച്ചത് സമീപത്തെ സ്കൂൾ കുട്ടികളാകുമെന്നാണ് എല്ലാവരും കരുതിയതെങ്കിലും അല്ലെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി. വിവരമറിഞ്ഞ് ട്രാഫിക് പൊലീസും സ്ഥലത്തെത്തി അന്വേഷിച്ചെങ്കിലും പോസ്റ്ററുകാരനെ പിടികിട്ടിയില്ല. പൊലീസിന്റെ റിക്കവറി വാഹനമുപയോഗിച്ച് അനധികൃതമായി പാർക്ക് ചെയ്ത ഈ വാഹനങ്ങൾ എടുത്ത് മാറ്റുന്നത് കാണാനായി ഏതെങ്കിലും വിരുതന്മാർ ചെയ്ത പണിയാകുമെന്നാണ് പൊലീസ് കരുതുന്നത്. ഫുട്പാത്ത് കൈയേറിയല്ലായിരുന്നു പാർക്കിങ്ങെന്നും പൊലീസ് പറയുന്നു. നഗരത്തിലെ ഫുട്പാത്ത് കൈയേറിയുള്ള അനധികൃത പാർക്കിംഗ് കാരണം പൊറുതിമുട്ടിയ ഏതെങ്കിലും വഴിയാത്രക്കാരനാകുമെന്നാണ് സമീപത്തെ വ്യാപാരികൾ പറയുന്നത്.