വിദ്യാർഥികൾ ആശുപത്രിയിൽ

മുട്ടം: ഗവണ്മെന്റ് പോളിടെക്നിക്ക് കോളേജിൽ കെ എസ് യു എസ് എഫ് ഐ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് ഏതാനും വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആൺകുട്ടികളുടെ ഹോസ്റ്റലിൽ താമസിക്കുന്ന ഏതാനും വിദ്യാർഥികൾ തമ്മിൽ ബുധനാഴ്ച്ച രാത്രി 8 മണിയോടെ രാഷ്ട്രീയപരമായി ചില വാക്കേറ്റങ്ങൾ ഉണ്ടായി.ഇതേ തുടർന്ന് ഹോസ്റ്റൽ മാനേജർ പ്രശ്നത്തിൽ ഇടപെട്ട് വിദ്യാർത്ഥികളെ അവരവരുടെ മുറികളിലേക്ക് പറഞ്ഞു വിടുകയും ചെയ്തു.പിന്നീട് ഹോസ്റ്റൽ കേന്ദ്രീകരിച്ച് പ്രശ്നങ്ങൾ ഉണ്ടായില്ലെങ്കിലും പിറ്റേന്ന് പി ടി എയുടെ ജനറൽ ബോഡി മീറ്റിംഗ് നടക്കുന്ന സമയത്ത് ക്യാമ്പസിൽ വിദ്യാർത്ഥികൾ തമ്മിൽ വീണ്ടും വാക്കേറ്റം ഉണ്ടാവുകയും കൂടുതൽ സംഘർഷാവസ്ഥയിലേക്ക് നീങ്ങുകയും ചെയ്തു.ഇതേ തുടർന്ന് പി ടി എ യുടെ ജനറൽ ബോഡി തീരുമാനപ്രകാരം രണ്ടും മൂന്നും വർഷ ക്ലാസുകൾക്ക് തിങ്കളാഴ്ച്ച വരെ അവധി കൊടുക്കാനും ആൺകുട്ടികളുടെ ഹോസ്റ്റൽ ഇന്നലെ മുതൽ അടച്ചിടാനും തീരുമാനിച്ചു. എന്നാൽ ഹോസ്റ്റൽ ഇന്നലെ അടച്ചാൽ ദൂരെ വീടുള്ള വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടാകുമെന്ന് പറഞ്ഞ് വിദ്യാർഥികൾ പ്രിൻസിപ്പലിനെ തടഞ്ഞു വെച്ച് സമരം ആരംഭിച്ചു. പിന്നീട് നടന്ന ചർച്ചയിൽ ഹോസ്റ്റൽ ഇന്ന് മുതൽ അടച്ചാൽ മതിയെന്ന് ധാരണയായി. ഇതിനിടയിൽ സംഘർഷത്തിൽ പരിക്ക് പറ്റിയ എസ് എഫ് ഐ, കെ എസ് യു പ്രവർത്തകരായ ഏതാനും വിദ്യാർത്ഥികളെ തൊടുപുഴ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവം അറിഞ്ഞു മുട്ടം എസ് ഐ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കാമ്പസിൽ എത്തിയിരുന്നു.പരാതികൾ ഇല്ലാത്തതിനാൽ ആരുടെ പേരിലും കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന്‌ പൊലീസ് പറഞ്ഞു.