തൊടുപുഴ: കാറുകൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 9.15ന് ഒളമറ്റം കോടമുള്ളിൽ കടവിന് സമീപം തൊടുപുഴ- പുളിയൻമല സംസ്ഥാന പാതയിലാണ് അപകടം. വെങ്ങല്ലൂർ നരിക്കോട്ടിൽ സുരേഷ്, തൊടുപുഴ സ്വദേശികളായ മഹേഷ്‌ , ജയ്സൺ, എന്നിവർക്കാണ് പരിക്കേറ്റത്. മുട്ടം ടൗണിൽ റേഷൻ കട നടത്തുകയായിരുന്ന സുരേഷ് കട തുറക്കാൻ മുട്ടത്തിന് പോകും വഴിയാണ് അപകടം. സുരേഷിന്റെ കാറിൽ എതിർദിശയിൽ നിന്നും വന്ന കാർ ഇടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ പരിക്കേറ്റവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് സുരേഷിനെ വിദഗ്ധ ചികിത്സക്കായി കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലേക്ക് മാറ്റി.ഇടിയുടെ ആഘാതത്തിൽ സുരേഷ് സഞ്ചരിച്ചിരുന്ന കാർ സമീപത്തെ വീടിന്റെ മതിലേക്ക് ഇടിച്ചാണ് നിന്നത്.സുരേഷിന്റെ കാറിന്റെ പിൻഭാഗം മതിലിലിടിച്ച് തകർന്നു. അപകടത്തെ തുടർന്ന് കാൽ മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.ഇരു വാഹനങ്ങളിൽ നിന്നും റോഡിൽ വീണ ഓയിൽ തൊടുപുഴയിൽ നിന്നെത്തിയ അഗ്നി രക്ഷാ സേന കഴുകി വൃത്തിയാക്കി.