ഇടുക്കി: ദേവികുളം സബ്കളക്ടർ ഡോ. രേണുരാജിന് പിന്നാലെ ,മൂന്നാറിലെ അനധികൃത കൈയേറ്റങ്ങൾ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിനും കൂട്ട സ്ഥലംമാറ്റം.
മൂന്നാറിലെ അനധികൃത കൈയേറ്റങ്ങൾ കണ്ടെത്താനുള്ള ചുമതല പന്ത്രണ്ടംഗ പ്രത്യേക ടീമായിരുന്നു. ഈ സംഘത്തിലെ പത്ത് പേരെയാണ് ജില്ലാ കളക്ടർ റവന്യൂ വകുപ്പിലെ തന്നെ വിവിധ തസ്തികകളിലേക്ക് സ്ഥലം മാറ്റിയത്. നിലനിറുത്തിയ രണ്ട് പേർക്ക്, സ്‌പെഷ്യൽ ഡ്യൂട്ടി ഉണ്ടെങ്കിൽ മാത്രം ടീമിനൊപ്പം ചേർന്നാൽ മതിയെന്ന് നിർദ്ദേശവും നൽകിയിട്ടുണ്ട്. പകരം നിയമിച്ച സംഘത്തിലെ അംഗങ്ങൾ നിലവിൽ ചെയ്യുന്ന ജോലികൾക്കൊപ്പം കൈയേറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മാത്രം നടപടിയെടുത്താൽ മതി. ജില്ലയിൽ പലയിടത്തായി ജോലി ചെയ്യുന്ന ഇവർക്ക് ഇനി ഏകോപനത്തോടെ പ്രവർത്തിക്കാനാവില്ല.
മൂന്നാർ മേഖലയിലെ കൈയേറ്റങ്ങൾക്കെതിരെ ശക്തമായ നടപടിയെടുത്ത ദേവികുളം സബ് കളക്ടർ രേണുരാജിനെ തൽസ്ഥാനത്ത് നിന്ന് നീക്കാൻ ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. പ്രത്യേകസംഘത്തിന്റെ സഹായത്തോടെ എമ്പതിലേറെ കൈയേറ്റങ്ങളാണ് മൂന്നാർ മേഖലയിൽ രേണുരാജ് ഒഴിപ്പിച്ചത്. നാല്പതോളം വൻകിട കെട്ടിടങ്ങൾക്ക് സ്റ്റോപ്പ് മെമ്മോയും നൽകിയിരുന്നു. ഇടുക്കി മുൻ എം.പി ജോയ്സ് ജോർജിന്റെയും കുടുംബാംഗങ്ങളുടെയും പേരിൽ കൊട്ടക്കമ്പൂരിലുള്ള ഭൂമിയുടെ പട്ടയവും തണ്ടപ്പേരും അനധികൃതമാണെന്ന് കണ്ടെത്തി റദ്ദാക്കി രണ്ടാഴ്ച കഴിയുമ്പോൾ സബ്കളക്ടറെയും പ്രത്യേകസംഘത്തെയും നീക്കിയത് രാഷ്ട്രീയ- കൈയേറ്റ മാഫിയയയുടെ സമ്മർദ്ദത്തെതുടർന്നാണെന്ന് ആക്ഷേപമുണ്ട്. കൊട്ടക്കമ്പൂർ വിഷയത്തിൽ നടപടിയെടുത്തതിന് പിന്നാലെയാണ് ശ്രീറാം വെങ്കിട്ടരാമനും വി.ആർ. പ്രേംകുമാറും സബ്‌കളക്ടർ സ്ഥാനത്ത് നിന്ന് തെറിച്ചത്.