ഉറപ്പ് നൽകിയത് മുഖ്യമന്ത്രി
തോണി: ഹൈറേഞ്ച് സംരക്ഷണ സമിതി നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയെ തുടർന്ന് ഭൂ വിനിയോഗ ഉത്തരവ് ഭേദഗതി ചെയ്യുമെന്ന് മുഖ്യമന്ത്രിയിൽ നിന്നും ഉറപ്പ് ലഭിച്ചതായി ഭാരവാഹികൾ അറിയിച്ചു. കർഷകർക്കെതിരായ ഒരു തീരുമാനവും ഭേദഗതി ചെയ്ത് പുറത്തിറങ്ങുന്ന ഉത്തരവിൽ ഉണ്ടാകില്ല. കർഷകർക്കും സാധാരണക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന എല്ലാ വ്യവസ്ഥകളും ഉത്തരവിൽ നിന്ന് മാറ്റുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി ഭാരവാഹികൾ പറഞ്ഞു.. 1964 ലെ ഭൂമി പതിവ് ചട്ടമനുസരിച്ച് കൃഷി ചെയ്യുന്നതിനും വീട് വയ്ക്കുന്നതിനുമായി പട്ടയം നൽകിയിട്ടുള്ള സ്ഥലങ്ങളിൽ കാർഷികേതര പ്രവർത്തനങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരുന്നതിനുവേണ്ടി തയ്യാറാക്കിയ ഉത്തരവിലാണ് ഭേദഗതി വേണമെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി നേതാക്കൾ ആവശ്യപ്പെട്ടത്. പട്ടയമില്ലാത്ത ഭൂമിയിൽ കെട്ടിടങ്ങൾ നിർമ്മിച്ചിട്ടുള്ളവർക്ക് പ്രതിസന്ധിയുണ്ടാകുമെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്നും ഇനിയും പട്ടയം ലഭിക്കാത്ത മുഴുവൻ പേർക്കും പട്ടയം നൽകുമെന്നും മുഖ്യമന്ത്രിയുടെ ഉറപ്പു ലഭിച്ചു. പരിസ്ഥിതിക്ക് ഇണങ്ങാത്ത രീതിയിലുള്ള വൻകിട നിർമ്മാണങ്ങളെ നിയന്ത്രിക്കണമെന്ന നയപരമായ ഉദ്ദേശമാണ് സർക്കാരിനുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു. ഹൈറേഞ്ച് സംരക്ഷണ സമിതി ജനറൽ കൺവീനർ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ, രക്ഷാധികാരികളായ ആർ. മണിക്കുട്ടൻ, മുഹമ്മദ് റഫീഖ് അൽഖൗസരി, സി.കെ. മോഹനൻ, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോർജ് വട്ടപ്പാറ എന്നിവരാണ് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയത്.