തൊടുപുഴ: പരാജയം സ്വയം ഏറ്റുവാങ്ങിയ കാഴ്ചയാണ് പാലാ ഉപതിരഞ്ഞെടുപ്പിൽ കണ്ടതെന്ന് കേരള കോൺഗ്രസ് (എം) വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ്. ജോസ് കെ. മാണിയുടെ പക്വതയില്ലായ്മയാണ് പരാജയത്തിന് പ്രധാന കാരണം. പല പഞ്ചായത്തുകളിലും ജോസ് വിഭാഗത്തിലുള്ള വിഭാഗീയതയും പരാജയകാരണമായി- ജോസഫ് പറഞ്ഞു.
പാർട്ടി ഭരണഘടന അംഗീകരിക്കാതെ വന്നതു മുതലാണ് പാളിച്ച പറ്റിയത്.
സ്ഥാനാർത്ഥിയാകാൻ ജോസ് വിഭാഗത്തിൽത്തന്നെ ഞങ്ങൾക്കു സ്വീകാര്യനായ അരഡസനോളം പേരുണ്ടായിരുന്നു. എന്നാൽ കെ.എം. മാണിയെപ്പോലും പരസ്യമായി ചോദ്യം ചെയ്തയാളെ സ്ഥാനാർത്ഥിയാക്കി. അങ്ങനെയൊരാൾ മത്സരിച്ചാൽ ചിഹ്നം നൽകാനാകില്ലെന്ന് ഞങ്ങൾ പറഞ്ഞു. സ്ഥാനാർത്ഥി തന്നെ ചിഹ്നം വേണ്ടെന്നും പറഞ്ഞു.
ചിഹ്നം നൽകാൻ എന്തെങ്കിലും സാദ്ധ്യതയുണ്ടോയെന്ന് കുഞ്ഞാലിക്കുട്ടി പിന്നീട് ചോദിച്ചിരുന്നു. ചെയർമാന്റെ അധികാരമുള്ള വർക്കിംഗ് ചെയർമാനായി എന്നെ അംഗീകരിച്ച് സ്ഥാനാർത്ഥി കത്തു നൽകിയാൽ ചിഹ്നം നൽകാമെന്ന് മറുപടി നൽകി. അത് അവർക്ക് സ്വീകാര്യമല്ലായിരുന്നു. ഫലം വന്ന ശേഷം ജോസ് പറയുന്നതു, കേട്ടു, ചിഹ്നമുണ്ടായിരുന്നെങ്കിൽ ജയിക്കാമായിരുന്നെന്ന്. അത് മേടിക്കാതെ പോയതിന്റെ ഉത്തരവാദി ആരാണ്?
തിരഞ്ഞെടുപ്പുമായി പൂർണമായി സഹകരിക്കാൻ തയ്യാറായിത്തന്നെയാണ് പ്രചാരണത്തിന്റെ ഉദ്ഘാടനത്തിന് പോയത്. സംഘടിതമായി അവിടെയുണ്ടായ ഒട്ടും അഭിലഷണീയമല്ലാത്ത കാഴ്ചകൾ എല്ലാവരും കണ്ടതാണ്. അതിനു ശേഷം പാർട്ടി മുഖപത്രമായ 'പ്രതിച്ഛായയിൽ' വളരെ പരുഷമായ ഭാഷയിൽ എനിക്കെതിരെ എഴുതി. ഈ സംഭവങ്ങളിലൊന്നും ഖേദം പ്രകടിപ്പിക്കാൻ പോലും ആരും തയ്യാറായില്ല.
പാലാ മണ്ഡലത്തിൽ എന്റെ ബന്ധുക്കളായ 250 കുടുംബങ്ങളുണ്ട്. കെ.എം. മാണിക്ക് വോട്ട് ചെയ്തിരുന്നവരാണ് ഇവർ. മാണിയുടെ മരണശേഷം പാലായിൽ കേരള കോൺഗ്രസ് തോറ്റതിൽ ദുഃഖമുണ്ട്. പരാജയം നിഷ്പക്ഷമായി വിലയിരുത്തി തെറ്റുകൾ തിരുത്താൻ തയ്യാറാകണം.