തൊടുപുഴ: മലങ്കര ടൂറിസം പ്രദേശത്ത് കുടിൽ കെട്ടി താമസിക്കുന്നവരുടെ പുനരധിവാസത്തിന് മലങ്കര ഹില്ലി അക്വാ കുപ്പിവെള്ള ഫാക്ടറിക്ക് സമീപം സർക്കാർ അനുവദിച്ച സ്ഥലത്ത് കാടുകൾ വെട്ടി തെളിച്ച് നിലം നിരപ്പാക്കുന്ന പ്രവർത്തികൾ ഞായറാഴ്ച ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കുട്ടിയമ്മ മൈക്കിൾ പറഞ്ഞു.ഇന്നലെ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന സ്ഥലത്തിന്റെ ഗുണഭോക്താക്കളുടേയും പഞ്ചായത്ത് ജനപ്രതിനിധികളുടേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടേയും യോഗത്തിലാണ് ഇത് സംബ്ബന്ധിച്ച് തീരുമാനം എടുത്തത്.സ്ഥലത്തിന്റെ ഗുണഭോക്താക്കളുടെ നേതൃത്വത്തിൽ കാട് വെട്ടിത്തെളിക്കാനും പഞ്ചായത്തിന്റെ ഉത്തരവാദിത്വത്തിൽ മണ്ണ് നീക്കം ചെയ്ത് നിലം നിരപ്പാക്കാനുമാണ് യോഗത്തിൽ തീരുമാനമായത്.13 കുടുംബക്കാർക്ക് സ്ഥലം അനുവദിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും അളന്ന് തിരിച്ച് ഗുണഭോക്താക്കളുടെ പേരിൽ പട്ടയം നൽകുകയോ നിർദ്ദിഷ്ട സ്ഥലത്ത് പ്രാഥമികമായി ചെയ്യാനുളള പ്രവർത്തികളോ നടന്നില്ല.ഇതിനിടയിൽ സ്ഥലം കൈമാറ്റം നടത്തുന്നതുമായി ബന്ധപ്പെട്ട് ചില സാങ്കേതിക തടസ്സങ്ങളും വന്ന് ചേർന്നു.
ഒരു വീടിന് നാല് ലക്ഷം രൂപ ക്രമത്തിൽ പഞ്ചായത്തും ഹഡ്‌ക്കോയും സംയുക്തമായിട്ടാണ് വീട് നിർമ്മിക്കാൻ പദ്ധതി വിഭാവനം ചെയ്തത്. കാട് വെട്ടി തെളിച്ച് മണ്ണ് മാറ്റി നിലം നിരപ്പാക്കുന്നതിന് ഒരു ലക്ഷം രൂപയോളം ചെലവ് വരുന്നതിനാൽ തുടർ പ്രവർത്തനങ്ങൾ സ്തംഭിച്ചു.ഈ ആവശ്യത്തിന് പഞ്ചായത്ത് തനത് വരുമാന ഫണ്ടോ പദ്ധതിയിനത്തിലുളള ഫണ്ടോ ഉപയോഗിക്കാൻ പറ്റാത്ത സാഹചര്യവുമാണ്.തൊഴിലുറപ്പ് പദ്ധതി പ്രകാരം മനുഷ്യ പ്രയത്നം മാത്രമേ ഉപയോഗിക്കാൻ കഴിയു എന്നതിനാൽ പൂർണ്ണമായും ഇതിൻ പ്രകാരമുളള ഫണ്ടും ഉപയോഗിക്കാൻ കഴിയില്ല.ഈ സാഹചര്യത്തിലാണ് ഇതുമായി ബന്ധപ്പെട്ടവരുടെ യോഗം ചേർന്നത്.