ചെറുതോണി; കേരള ഫോറസ്റ്റ് ഡവലപ്‌മെന്റ് കോർപ്പറേഷന്റെ മണിയാറൻകുടി കൂട്ടക്കുഴിയിലുള്ള കന്നിഏലം പ്രോജക്ടിന്റെ ഓഫീസ് കുത്തിത്തുറന്ന് 8 ലക്ഷം രൂപയുടെ കവർച്ച നടത്തി. മൂന്നാർ ഡി.എഫ്.ഒയുടെ കീഴിൽ മാങ്കുളം മേഖലാ ഓഫീസിനാണ് കൂട്ടക്കുഴിയുടെ ചുമതല. പൂട്ടുതകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ രണ്ട് മേശയടക്കം വിലപിടിപ്പുള്ള ഉപകരണങ്ങളും കടത്തികൊണ്ടുപോയി. ഓഫീസിൽ സൂക്ഷിച്ചിരുന്ന തൊണ്ടിത്തടികളും കാണാതായിട്ടുണ്ട്. ഇടുക്കിയിൽ നിന്ന് പോലീസ് എത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പൊലീസ് നായും വിരലടയാള വിദഗ്ദ്ധരും വന്നെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല. ഏതാനും വർഷങ്ങൾക്കുമുമ്പ് ഏലം കൃഷി അവസാനിപ്പിച്ച് ഇവിടെ കാപ്പികൃഷി തുടങ്ങിയിരുന്നു. അതിനുശേഷം വല്ലപ്പോഴും മാത്രമാണ് കൂട്ടക്കുഴിയിലുള്ള ഓഫീസിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തുകയുള്ളു. ഒരു വാച്ചർക്കാണ് ചുമതല.. വനത്തിനു നടുവിലുള്ള ഓഫീസിൽ നിന്ന് ഏതെങ്കിലും വാഹനത്തിൽ മാത്രമേ മോഷണ വസ്തുക്കൾ കടത്തികൊണ്ടുപോകാൻ സാധിക്കൂ. മണിയാറൻകുടിക്കും കൂട്ടക്കുഴിക്കുമിടയിൽ അതിർത്തിയിൽ ചെക്കുപോസ്റ്റുള്ളതിനാൽ മറ്റേതെങ്കിലും വഴിയിലൂടെയാവാം മോഷണ വസ്തുക്കൾ കടത്തികൊണ്ടുപോയതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.