മൂലമറ്റം: അറക്കുളം സെന്റ് തോമസ് യുപി സ്‌കൂൾ കുത്തിത്തുറന്ന് ലാപ്‌ടോപ്പും പണവും മോഷ്ടിച്ച കേസിലെ പ്രതികളെ കാഞ്ഞാർ പൊലീസ് പിടി കൂടി.ഇടുക്കി വഞ്ചിക്കവല കെഎസ്ഇബി കോർട്ടേഴ്‌സിൽ താമസിക്കുന്ന പ്രശാന്ത് (35) ചേറാടി പാണാപറമ്പിൽ ജോണി സെബാസ്റ്റ്യൻ (39), അറക്കുളം കരിക്കനാംപാറയിൽ സജി യോഹന്നാൽ (50) എന്നിവരെയാണ് കാഞ്ഞാർ പൊലീസ് പിടികൂടിയത്.മൂന്നുങ്കവയൽ ബിവ്‌റിജ് കോർപ്പറേഷന്റെ മദ്യശാല കുത്തിത്തുറക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം.എന്നാൽ അവിടെ സെക്യുരിറ്റിയെ കണ്ടതോടെ ശ്രമം ഉപേക്ഷിച്ച് അറക്കുളം സെന്റ് തോമസ് പഴയപള്ളിയിലെ നേർച്ചപ്പെട്ടി കുത്തിത്തുറക്കാൻ ശ്രമിച്ചു. ഈ ശ്രമവും പാളിയതോടെയാണ് ഇവർ സ്‌കൂൾ കുത്തിത്തുറന്ന് അകത്ത് കയറി ലാപ്ടോപ് മോഷ്ടിച്ചത്. അറക്കുളം സ്വദേശി സജിയുടെ നിർദേശപ്രകാരമാണ് പ്രതികൾ സ്‌കൂളിൽ കയറി മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സ്‌കൂളിലെ പ്രവർത്തനഫണ്ടും കുട്ടികളുടെ ഫീസും ലക്ഷ്യം വച്ചായിരുന്നു സ്‌കൂളിൽ കയറിയത്. പ്രതികളിൽ നിന്നും ലാപ്‌ടോപ് കണ്ടെടുത്തിട്ടുണ്ട്.തൊടുപുഴ ഡിവൈഎസ്പി കെ.പി.ജോസിന്റെ നേതൃത്വത്തിൽ കാഞ്ഞാർ സിഐ വി.വി.അനിൽകുമാർ, എസ്‌ഐ കെ.സിനോദ്, എഎസ്‌ഐ എഎച്ച് ഉബൈസ്, സജി.പി.ജോൺ, ബിനോയ് തോമസ്, കെ.എ.സുനി, സജോയ്‌തോമസ്, കെ.കെ. ബിജുമോൻ, എൻ.സുനിൽകുമാർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.