തൊടുപുഴ: മദ്യനിരോധന ദിവസം നഗരത്തിലെ ബാർ ഹോട്ടലിൽ അക്രമം നടത്തി പണം പിടിച്ചു പറിച്ച കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. തൊടുപുഴ കാഞ്ഞിരമറ്റം കൃഷ്ണാഞ്ജലിയിൽ കെ.എസ്.ഗോപാലകൃഷ്ണൻ (21), കാരിക്കോട് തെക്കുംഭാഗം ഇടശേരിയിൽ ലിജോ ജോസഫ് (21), ഡിവൈഎഫ്‌ഐ മുതലക്കോടം യൂണിറ്റ് പ്രസിഡന്റ് പഴുക്കാക്കുളം പാലാത്ത് ജിത്തു ഷാജി (22) എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. തൊടുപുഴ സിസിലിയ ബാർ ഹോട്ടലിൽ കഴിഞ്ഞ 13ന് പുലർച്ചെ അക്രമം നടത്തിയ കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയാണ് തൊടുപുഴ സെഷൻസ് കോടതി ജഡ്ജി മുഹമ്മദ് വസീം തള്ളിയത്.

സംഭവത്തിലെ മുഖ്യപ്രതി ഡി.വൈ.എഫ്‌.ഐ മുതലക്കോടം യൂണിറ്റ് സെക്രട്ടറി മാത്യൂസ് കൊല്ലപ്പിള്ളി ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നില്ല. സംഭവ ദിവസം പുലർച്ചെ രണ്ടോടെ ഹോട്ടലിലെത്തിയ സംഘം വാതിലിൽ തട്ടി വിളിച്ച് മദ്യം ആവശ്യപ്പെട്ടപ്പോൾ നൽകാത്തതിനെ തുടർന്ന് റിസപ്ഷനിസ്റ്റായ ബോണിയെ മർദിക്കുകയും പണം പിടിച്ചു പറിക്കുകയായിരുന്നുവെന്നാണ് കേസ്. ഹോട്ടലിലെ സി.സി ടി.വി ദൃശ്യങ്ങളിൽ നിന്ന് മാത്യൂസ് കൊല്ലപ്പള്ളി ഉൾപ്പെട്ട സംഘമാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമായതോടെയാണ് പൊലീസ് ഇവർക്കെതിരെ കേസെടുത്തത്.