മറയൂർ: ആദിവാസി കോളനിയിലെ സ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ചു. മറയൂർ കോഴിപന്ന സ്വദേശി വർഗീസ് ജോസഫിനെതിരെ (രാജൻ) സ്ത്രീ ഡി.ജി.പിക്ക് പരാതി നൽകിയതിനെ തുടർന്നാണ് മൂന്നാർ ഡിവൈ.എസ്.പി അന്വേഷണം ആരംഭിച്ചത്. 2004 ലാണ് കേസിനാസ്പദമായ സംഭവം. അന്ന് പൊലീസിൽ പരാതി നൽകിയെങ്കിലും മദ്ധ്യസ്ഥരും പൊലീസും ചേർന്ന് കേസിൽ നിന്ന് പിന്തിരിപ്പിച്ചതായി പറയുന്നു. വീട്ടു ജോലിക്ക് നിന്ന സമയത്താണ് പ്രതി തുടർച്ചയായി പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. പെൺകുട്ടിക്ക് ജന്മം നൽകേണ്ടി വന്നെന്നും പരാതിയിൽ പറയുന്നു. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മൂന്നാർ ഡിവൈ.എസ് പി രമേഷ് കുമാർ, മറയൂർ സബ് ഇൻസ്‌പെക്ടർ ജി. അജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണത്തിൽ ആരംഭിച്ചു. ഡി.എൻ.എ ടെസ്റ്റ് ഉൾപ്പെടെയുള്ള ശാസ്ത്രീയ പരിശോധനകൾ നടത്തേണ്ടി വരുമെന്ന് പൊലീസ് പറഞ്ഞു. പ്രതി ഒളിവിലാണ്.