തൊടുപുഴ: മലങ്കര ടൂറിസം പ്രദേശത്ത് കുടിൽ കെട്ടി താമസിക്കുന്നവരുടെ പുനരധിവാസത്തിന് മലങ്കര ഹില്ലി അക്വാ കുപ്പിവെള്ള ഫാക്ടറിക്ക് സമീപം സർക്കാർ അനുവദിച്ച ഭൂമിയിൽ കാടുകൾ വെട്ടി തെളിച്ച് നിലം നിരപ്പാക്കുന്ന പ്രവർത്തികൾ ഇന്ന് ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കുട്ടിയമ്മ മൈക്കിൾ പറഞ്ഞു.കഴിഞ്ഞ വെളളിയാഴ്ച പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന സ്ഥലത്തിന്റെ ഗുണഭോക്താക്കളുടേയും പഞ്ചായത്ത് ജനപ്രതിനിധികളുടേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടേയും യോഗമാണ് ഇത് സംബ്ബന്ധിച്ച് തീരുമാനം എടുത്തത്.സ്ഥലത്തിന്റെ ഗുണഭോക്താക്കളുടെ നേതൃത്വത്തിൽ കാട് വെട്ടിത്തെളിക്കാനും സന്നദ്ധ പ്രവർത്തനങ്ങളിലൂടേയും അഭ്യുതകാംക്ഷികളുടേയും സഹായത്തോടെ മണ്ണ് നീക്കം ചെയ്ത് നിലം നിരപ്പാക്കാനുമാണ് യോഗത്തിൽ തീരുമാനമായത്.13 കുടുംബക്കാർക്ക് സ്ഥലം അനുവദിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും അളന്ന് തിരിച്ച് ഗുണഭോക്താക്കളുടെ പേരിൽ പട്ടയം നൽകുകയോ നിർദ്ദിഷ്ട സ്ഥലത്ത് പ്രാഥമികമായി ചെയ്യാനുളള പ്രവർത്തികളോ നടന്നില്ല.ഇതിനിടയിൽ സ്ഥലം കൈമാറ്റം നടത്തുന്നതുമായി ബന്ധപ്പെട്ട് ചില സാങ്കേതിക തടസ്സങ്ങളും വന്ന് ചേർന്നു.
ഒരു വീടിന് നാല് ലക്ഷം രൂപ ക്രമത്തിൽ പഞ്ചായത്തും ഹഡ്ക്കോയും സംയുക്തമായിട്ടാണ് വീട് നിർമ്മിക്കാൻ പദ്ധതി വിഭാവനം ചെയ്തത്. കാട് വെട്ടി തെളിച്ച് മണ്ണ് മാറ്റി നിലം നിരപ്പാക്കുന്നതിന് ഒരു ലക്ഷം രൂപയോളം ചെലവ് വരുന്നതിനാൽ തുടർ പ്രവർത്തനങ്ങൾ സ്തംഭിച്ചു.ഈ ആവശ്യത്തിന് പഞ്ചായത്ത് തനത് വരുമാന ഫണ്ടോ പദ്ധതിയിനത്തിലുളള ഫണ്ടോ ഉപയോഗിക്കാൻ പറ്റാത്ത സാഹചര്യവുമാണ്.തൊഴിലുറപ്പ് പദ്ധതി പ്രകാരം മനുഷ്യ പ്രയത്നം മാത്രമേ ഉപയോഗിക്കാൻ കഴിയു എന്നതിനാൽ പൂർണ്ണമായും ഇതിൻ പ്രകാരമുളള ഫണ്ടും ഉപയോഗിക്കാൻ കഴിയില്ല.ഈ സാഹചര്യത്തിലാണ് ഇതുമായി ബന്ധപ്പെട്ടവരുടെ യോഗം ചേർന്നത്.
പുനരധിവാസം ചുവപ്പ് നാടയിൽ കുടുങ്ങി
വിദൂര ദേശങ്ങളിൽ നിന്ന് വർഷങ്ങൾക്ക് മുൻപ് മലങ്കര അണക്കെട്ടിന്റെ നിർമ്മാണത്തിന് എതിത്തിയവരിൽ അവശേഷിക്കുന്നവരാണ് നിലവിലുള്ള 13 കുടുംബക്കാർ. അണക്കെട്ട് നിർമ്മാണം പൂർത്തിയാകുന്ന മുറക്ക് സ്ഥലവും വീടും നൽകും എന്ന വാഗ്ദാനത്തോടെയാണ് അന്നത്തെ സർക്കാർ തൊഴിലാളികളെ പണികൾക്കായി ഇവിടെ എത്തിച്ചത്. എന്നാൽ അണക്കെട്ടിന്റെ നിർമ്മാണം പൂർത്തിയായെങ്കിലും തൊഴിലാളികൾക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റാൻ മാറി മാറി വന്ന സർക്കാരുകൾക്കായില്ല.ഇതേ തുടർന്ന് തൊഴിലാളികളിൽ ഭൂരിഭാഗവും ഇവിടെ നിന്ന് മറ്റിടങ്ങളിലേക്ക് പോയി. പിന്നീട് 13 കുടുംബങ്ങൾ മാത്രമായി അവശേഷിച്ചു.ഇവരുടെ പുനരധിവാസം ആവശ്യപ്പെട്ട് പ്രാദേശികമായി നിരവധി സമരങ്ങൾ നടത്തിയതിനെ തുടർന്നാണ് മലങ്കര കുപ്പിവെള്ള ഫാക്ടറിക്ക് സമീപം സ്ഥലം അനുവദിച്ചത്.എന്നാൽ ചുവപ്പ് നാടയുടെ നൂലാമാലകളിൽ പെട്ട് ഇവരുടെ പുനരധിവാസം എങ്ങും എത്തിയില്ല.
പുനരധിവാസത്തിന് തടസം ഇടത് പക്ഷം
മുട്ടം: മലങ്കര അണക്കെട്ടിന്റെ നിർമാണത്തിന് എത്തിയവരിൽ 13 കുടുംബങ്ങളുടെ പുനരധിവാസത്തിന് നിരവധി തവണ തടസ്സം നിന്നവരാണ് മുട്ടത്തെ ഇടതുപക്ഷം എന്ന് കോൺഗ്രസ് മണ്ഡലം കമ്മറ്റി പറഞ്ഞു.അണക്കെട്ടിന്റെ തീരത്ത് താമസിക്കുന്ന ഇവരെ വർഷങ്ങൾക്ക് മുൻപ് ഇടതുപക്ഷ ഗവൺമെന്റ് ഒഴിപ്പിക്കാൻ ശ്രമിച്ചപ്പോൾ തടഞ്ഞത് കോൺഗ്രസാണ്.അതിന് ശേഷം നിരവധി സമ്മർദ്ദങ്ങളുടെയും സമരങ്ങളുടെയും ഭലമായാണ് കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാർ പതിമൂന്ന് കുടുംബങ്ങൾക്കായി പെരുമറ്റത്ത് എം.വി.ഐ.പി യുടെ അധീനതയിൽ ഇരുന്ന 51 സെന്റ് ഭൂമി നൽകിയത്.എന്നാൽ ഭരണത്തിന്റെ അവസാന സമയമായതിനാൽ പട്ടയം നൽകാൻ സാധിച്ചിരുന്നില്ല.തുടർന്ന് വന്ന പിണറായി സർക്കാർ ഇടുക്കിയിൽ നടന്ന പട്ടയമേളയിലേക്ക് ഇവരെ പട്ടയം വാങ്ങാനായി ക്ഷണിക്കുകയും പകുതി വഴി എത്തിയപ്പോൾ പട്ടയം ആയിട്ടില്ല എന്ന് പറഞ്ഞ് മടക്കി അയക്കുകയും ചെയ്തു. ഇടതുപക്ഷത്തിന്റെ സമ്മർദ്ദത്തെ തുടർന്നാണ് അന്ന് പട്ടയം നൽകാതിരുന്നത്.മലങ്കര ടൂറിസം പദ്ധതി യാതാർഥ്യമാകണമെങ്കിൽ 13 കുടുംബക്കാരെ മാറ്റിപ്പാർപിക്കേണ്ടത് അനിവാര്യമാണ്. ഇക്കാര്യം തൊടുപുഴ തഹസിൽദാറെ അറിയിച്ചതിനെത്തുടർന്നാണ് 13 കുടുംബങ്ങൾക്ക് അനുവദിച്ചിട്ടുള്ള ഭൂമിയിൽ വീട് നിർമിക്കാൻ താൽക്കാലിക അനുമതി നൽകിയത്.മണ്ഡലം പ്രസിഡൻറ് ബേബി വണ്ടനാനി അധ്യക്ഷത വഹിച്ച യോഗത്തിൽ.ഡി സി സി സെക്രട്ടറി ജിയോ മാത്യു, എസ്തപ്പാൻ പ്ലാക്കുട്ടം, കെ രാജേഷ്, എൻ കെ ബിജു, അരുൺ പൂച്ചക്കുഴി, എ എ ഹാരിസ്, സണ്ണി ചള്ളാവയൽ എൻ.കെ അജി, റെന്നി ചെറിയാൻ, സാജൻ കുളമറ്റം, തിലകൻ പഴയമറ്റം, സോണി മുണ്ടയ്ക്കാട്ട്, ഒനാച്ചാൻ പ്ലാക്കൂട്ടം, ഷാജി കാടൻകാവിൽ, ജോസ് പൂപ്പാടി, മുസ്തഫ,എന്നിവർ സംസാരിച്ചു.