ഇടുക്കി : ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലാ ഗുണ നിയന്ത്രണ വിഭാഗത്തിന്റെയും തൊടുപുഴ ഫാർമേഴ്സ് ക്ലബ്ബിന്റെയും തൊടുപുഴ കാർഷിക ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ ഉപഭോക്തൃ മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. തൊടുപുഴ ഉപാസന ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് തൊടുപുഴ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ജെസ്സി ആന്റണി ഉദ്ഘാടനം ചെയ്തു. തൊടുപുഴ ഫാർമേഴ്സ് ക്ലബ് പ്രസിഡന്റ് ടോം ചെറിയാൻ അദ്ധ്യക്ഷനായിരുന്നു.
ഭക്ഷ്യസുരക്ഷാ നിയമം നിലവിൽ ഉണ്ടെങ്കിലും മായത്തിന്റെ കാര്യത്തിൽ പാലും പാലുൽപ്പന്നങ്ങളും വിഭിന്നമല്ല. പൊതുജനങ്ങൾക്കായി സൗജന്യ പാൽ പരിശോധനയും ക്ഷീരമേഖലയെ സംബന്ധിച്ചുള്ള വിഷയങ്ങളിൽ ക്ലാസ്സുകൾ നടത്തുകയും ചെയ്തു. ക്വാളിറ്റി കൺട്രോളർ ഓഫീസർ ബെറ്റി ജോഷ്വ, അസിസ്റ്റന്റ് ഡയറക്ടർ ട്രീസ തോമസ് എന്നിവർ ക്ലാസുകൾ നയിച്ചു. പരിപാടിയിൽ തൊടുപുഴ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളും അദ്ധ്യാപകരും പങ്കെടുത്തു. സബ്സിഡി നിരക്കിൽ ഗ്രോബാഗ്, പച്ചക്കറിവിത്തുകൾ എന്നിവ വിതരണം ചെയ്തു. വിദ്യാർത്ഥികൾക്ക് കാർഷിക മാസികയും വിതരണം ചെയ്തു. ഇളംദേശം ക്ഷീര വികസന ഓഫീസർ സുധീഷ് എംപി, തൊടുപുഴ മുനിസിപ്പൽ കൗൺസിലർ ഗോപാലകൃഷ്ണൻ കെ, ജൈവ കർഷക സമിതി അംഗം ടി ജെ പീറ്റർ, തൊടുപുഴ ക്ഷീരവികസന ഓഫീസർ റിനു തോമസ് തുടങ്ങിയവർ സംസാരിച്ചു. ലാബ് ടെക്നിഷ്യൻ നെൽസൺ കെ തോമസ് പാൽ പരിശോധന രീതികളെ കുറിച്ചുള്ള വിശദീകരണവും നൽകി.