ഇടുക്കി: മൂന്നാറിലെ അനധികൃത കൈയേറ്റങ്ങൾ അന്വേഷിക്കുന്ന പ്രത്യേക സംഘത്തെ സ്ഥലംമാറ്റിയ നടപടി റവന്യൂ മന്ത്രി ഇടപെട്ട് പിൻവലിച്ചു. പഴയ ഉത്തരവ് റദ്ദാക്കി ജില്ലാ കളക്ടർ അന്വേഷണ സംഘത്തെ പുനഃസ്ഥാപിച്ചു

ദേവികുളം സബ്കളക്ടർ ഡോ. രേണുരാജിന് പിന്നാലെ മൂന്നാറിലെ അനധികൃത കൈയേറ്റങ്ങൾ അന്വേഷിക്കുന്ന പ്രത്യേക സംഘത്തെയും കഴിഞ്ഞ ദിവസമാണ് സ്ഥലംമാറ്റിയത്. മൂന്നാറിലെ അനധികൃത കൈയേറ്റങ്ങൾ കണ്ടെത്താനുള്ള ചുമതല പന്ത്രണ്ടംഗ പ്രത്യേക ടീമായിരുന്നു. ഈ സംഘത്തിലെ പത്ത് പേരെയാണ് ജില്ലാ കളക്ടർ റവന്യൂ വകുപ്പിലെ തന്നെ വിവിധ തസ്തികകളിലേക്ക് സ്ഥലം മാറ്റിയത്. നിലനിറുത്തിയ രണ്ട് പേർക്ക്, സ്‌പെഷ്യൽ ഡ്യൂട്ടി ഉണ്ടെങ്കിൽ മാത്രം ടീമിനൊപ്പം ചേർന്നാൽ മതിയെന്ന് നിർദ്ദേശവും നൽകി.

പ്രത്യേകസംഘത്തിന്റെ സഹായത്തോടെ എൺപതിലേറെ കൈയേറ്റങ്ങളാണ് മൂന്നാർ മേഖലയിൽ രേണുരാജ് ഒഴിപ്പിച്ചത്. നാല്പതോളം വൻകിട കെട്ടിടങ്ങൾക്ക് സ്റ്റോപ്പ് മെമ്മോയും നൽകിയിരുന്നു. ഇടുക്കി മുൻ എം.പി ജോയ്സ് ജോർജിന്റെയും കുടുംബാംഗങ്ങളുടെയും പേരിൽ കൊട്ടക്കമ്പൂരിലുള്ള ഭൂമിയുടെ പട്ടയവും തണ്ടപ്പേരും അനധികൃതമാണെന്ന് കണ്ടെത്തി റദ്ദാക്കി .പിന്നാലെ,സബ്കളക്ടറെയും പ്രത്യേകസംഘത്തെയും നീക്കിയത് രാഷ്ട്രീയ കൈയേറ്റ മാഫിയയയുടെ സമ്മർദ്ദത്തെ തുടർന്നാണെന്ന് ആക്ഷേപമുയർന്നിരുന്നു.