ചെറുതോണി: പ്രളയം കവർന്നെടുത്ത ജില്ലാ ആസ്ഥാനത്ത് താത്കാലിക സൗകര്യങ്ങൾ ഏർപ്പെടുത്താനുള്ള ജനകീയ മുന്നേറ്റത്തെ അധികാരമുപയോഗിച്ച് തടസപ്പെടുത്തിയ ഇടുക്കി ജില്ലാ കള്കടറുടെ നടപടി അനുചിതവും മനുഷ്യാവകാശങ്ങൾക്കുമേലുള്ള കടന്നുകയറ്റവുമാണെന്ന് സി.പി.എം ഇടുക്കി ഏരിയ കമ്മറ്റി. ഒന്നരവർഷം മുമ്പ് തകർന്നുപോയ ചെറുതോണിയിലെ താത്കാലിക ബസ് സ്റ്റാൻഡും ടൗണും പുനർനിർമ്മിക്കുന്നതിന് ജില്ലാ ഭരണകൂടം ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ജില്ലാ ആസ്ഥാനത്തിന്റെ പുനർനിർമ്മാണത്തിന് പ്രത്യേകം പദ്ധതി തയ്യാറാക്കാൻ സർക്കാർ നിർദ്ദേശിച്ചിരുന്നെങ്കിലും ഇക്കാര്യത്തിൽ മുന്നോട്ടു പോകാൻ ജില്ലാ കളക്ടർക്കു കഴിഞ്ഞിട്ടില്ല. ഗതാഗത കുരുക്കിലും അസൗകര്യങ്ങളുടെ നടുവിലും എല്ലാവിധ അവകാശങ്ങളും പരിമിതപ്പെടുത്തിയാണ് ജനങ്ങളും വ്യാപാരികളും ചെറുതോണിയിൽ മുന്നോട്ടുപോകുന്നത്. വേനലടുക്കുന്നതോടെ ചെറുതോണി പുഴയിൽ കെട്ടിക്കിടക്കുന്ന മലിന ജലത്തിൽ നിന്ന് പകർച്ചവ്യാധികൾ പടർന്നു പിടിക്കാനുള്ള സാധ്യതയും കൂടുതലാണ്. ഈ സാഹചര്യത്തിലാണ് പുഴ ശുചീകരിക്കുന്നതിനും പാർക്കിംഗ് ഏരിയ പുനഃസ്ഥാപിക്കുന്നതിനും സി.പി.എം മുന്നിട്ടിറങ്ങിയത്. എന്നാൽ ധാരണയ്ക്ക് വിരുദ്ധമായി ആർ.ഡി.ഒയെ കൊണ്ട് വാഹനങ്ങൾ പിടിച്ചെടുത്ത നടപടി പ്രതിഷേധാർഹമാണ്. നിയമ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അക്കാര്യം ചൂണ്ടിക്കാണിച്ചിരുന്നെങ്കിൽ സി.പി.എം നേതൃത്വം അതിനോട് സഹകരിക്കുമായിരുന്നു. മറിച്ച് ബാഹ്യശക്തികളുടെ സമ്മർദ്ദങ്ങൾക്കു വഴങ്ങി മാന്യതയില്ലാത്ത നടപടി സ്വീകരിച്ചത് ഇടുക്കിയിലെ ജനങ്ങളുടെ അവകാശങ്ങൾക്കു മേലുള്ള കടന്നുകയറ്റമാണ്. എല്ലാവിധ സൗകര്യങ്ങളോടും കൂടി ജീവിക്കാനുള്ള അവകാശം ഇടുക്കിക്കാർക്ക് നിഷേധിക്കാൻ ഒരു ഉദ്യോഗസ്ഥനെയും അനുവദിക്കില്ലെന്നും ഏരിയ കമ്മറ്റി വ്യക്തമാക്കി. നിലവിലുണ്ടായിരുന്ന ബസ് സ്റ്റാൻഡും സി.പി.ഐ എം നേതൃത്വത്തിൽ നിർമ്മിച്ചതാണ്. 18 വർഷം അധികാരത്തിൽ ഇരുന്നിട്ടും ജില്ലാ ആസ്ഥാനത്ത് ഒരു ബസ് സ്റ്റാൻഡ് പോലും നിർമ്മിക്കാൻ കഴിയാത്ത എം.എൽ.എയുടെ ഭീഷണിക്ക് വഴങ്ങി ജനകീയ മുന്നേറ്റത്തെ തടസപ്പെടുത്താൻ ശ്രമിച്ചാൽ ജില്ലാ കളക്ടർക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കേണ്ടി വരുമെന്ന് ഇടുക്കി ഏരിയ സെക്രട്ടറി പി.ബി. സബീഷ് പറഞ്ഞു.