bus-stand

ചെറുതോണി: പ്രകൃതിയേയും അധികാര കേന്ദ്രങ്ങളെയും ജനശക്തികൊണ്ട് തോൽപ്പിച്ച് ചെറുതോണി താൽകാലിക ബസ് സ്റ്റാൻഡ് തുറന്ന് കിട്ടിയത് ജില്ലാ ആസ്ഥാനത്തിന് സ്വപ്ന സാക്ഷാത്ക്കാരമായി. ഒന്നര വർഷം മുമ്പ് പ്രളയം കവർന്നെടുത്ത ചെറുതോണിയിലെ താൽക്കാലിക ബസ് സ്റ്റാൻഡ് മനക്കരുത്തുകൊണ്ടും കായികാധ്വാനം കൊണ്ടും പുനർനിർമ്മിച്ച് പൊതുജനങ്ങൾക്ക് കൈമാറി. ഇന്നലെ വൈകിട്ട് അഞ്ചിന് ആയിരുന്നു ജനകീയ ഉദ്ഘാടനം. വാഹന കുരുക്കുകൾകൊണ്ട് വീർപ്പുമുട്ടിയ ചെറുതോണി പട്ടണത്തിന് ശാപമോക്ഷമായത് നാട്ടുകാർക്ക് പറഞ്ഞറിയിക്കാനാകാത്ത ആഹ്ലാദമായി. സി.പി.എമ്മും വ്യാപാരി വ്യവസായി സമിതിയും ടാക്സി തൊഴിലാളികളും ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനും ബഹുജനങ്ങളും രണ്ടാഴ്ച നീണ്ട പരിശ്രമത്തിലൂടെയാണ് ജനകീയ പങ്കാളിത്തത്തോടെ ബസ് സ്റ്റാൻഡും പാർക്കിംഗ് ഏരിയയും പുനർനിർമ്മിച്ചത്. ബസ് സ്റ്റാൻഡില്ലാത്ത കേരളത്തിലെ ഏക ജില്ലാ ആസ്ഥാനമാണ് ഇടുക്കി. താൽക്കാലികമായി ഉണ്ടായിരുന്നതാണ് പ്രളയം കവർന്നെടുത്തത്. വെള്ളിയാഴ്ച നടന്ന പുഴ ശുചീകരണം ഉൾപ്പടെയുള്ള പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻനിർവ്വഹിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ മുന്നിൽ നിന്ന് നയിച്ച കെ.എസ്.ആർ.ടി.സി ഡയറക്ടർ സി.വി. വർഗീസ് വൈകിട്ട് അഞ്ചിന് ബസ് സ്റ്റാൻഡും പാർക്കിംഗ് ഏരിയയും പൊതുജനങ്ങൾക്കായി തുറന്നു നൽകി ജനകീയ ഉദ്ഘാടനം നിർവ്വഹിച്ചു. സി.പി.എം നേതാക്കളായ എം.ജെ. മാത്യു, റോമിയോ സെബാസ്റ്റ്യൻ, പി.ബി. സബീഷ്, കെ.ജി. സത്യൻ, പ്രഭാ തങ്കച്ചൻ, എം.വി. ബേബി വ്യാപാരി വ്യവസായി സമിതി നേതാക്കളായ സാജൻ കുന്നേൽ, സജി തടത്തിൽ, ബിപിഎസ് ഇബ്രാഹിംകുട്ടി, തുടങ്ങിയവർ നേതൃത്വം നൽകി

പുനർനിർമ്മിച്ച ബസ് സ്റ്റാൻഡിന്റെ ജനകീയ ഉദ്ഘാടനം കെഎസ്ആർടിസി ഡയറക്ടർ സി.വി. വർഗീസ് നിർവ്വഹിക്കുന്നു