വാഗമൺ: ഇന്നലെ രാവിലെ 11 മണിക്ക് വാഗമൺ ടൗണിൽ ഓട്ടോറിക്ഷയിൽ അബോധാവസ്ഥയിൽ കണ്ടയാളെ വാഗമൺ പൊലീസ് കോട്ടയം മെഡിക്കൽ കോളേജിലെത്തിച്ചു .പിന്നീട് ഇയാളെ തിരിച്ചറിഞ്ഞു. അറക്കുളം കാവുംപടി സ്വദേശിയും ഇപ്പോൾ കുടയത്തൂരിൽ താമസക്കാരനുമായ പാമ്പൂരിക്കൽ ജിജിയെയാണ് അബോധാവസ്ഥയിൽ കണ്ടത്. വാഗമൺ ടൗണിലെത്തിയ ജിജി ഓട്ടോറിക്ഷയിൽ കയറിയ ഉടനെ അബോധാവസ്ഥയിൽ ആകുകയായിരുന്നു. ആദ്യം ആളെ തിരിച്ചറിഞ്ഞില്ല. സമൂഹ മാധ്യമത്തിലൂടെ വിവരമറിഞ്ഞ ബന്ധുക്കൾ വാഗമൺ പൊലീസുമായി ബന്ധപ്പെടുകയായിരുന്നു. വാഗമൺ എസ് ഐ ജയശ്രീയുടെ നേതൃത്വത്തിലാണ് ജിജിയെ മെഡിക്കൽ കോളേജിൽ എത്തിച്ചത്.ഇന്നലെ രാത്രിയോടെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിയതിനു ശേഷമാണ് പൊലീസ് സംഘം ആശുപത്രിയിൽ നിന്നും മടങ്ങിയത്.