കുമളി: കേരളം നടുങ്ങിയ തേക്കടി ബോട്ട് ദുരന്തമുണ്ടായിട്ട് ഇന്ന് പത്ത് വർഷം പൂർത്തിയാകുന്നു. അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രമായ തേക്കടി തടാകത്തിൽ വിനോദ സഞ്ചാരികളുമായി സർവീസ് നടത്തിയ ബോട്ട് മുങ്ങി ഏഴ് കുട്ടികളും 23 സ്ത്രീകളുമടക്കം 45 പേരാണ് കൊല്ലപ്പെട്ടത്. തേക്കടി തടാകത്തിലെ മണക്കവല ഭാഗത്ത് 2009 സെപ്തംബർ 30നാണ് കെ.ടി.ഡി.സിയുടെ ജലകന്യകയെന്ന ഇരുനില ബോട്ട് മറിഞ്ഞത്. ബോട്ടിൽ 82 വിനോദ സഞ്ചാരികളാണ് ഉല്ലാസയാത്ര നടത്തിയത്. ബോട്ട്‌ലാൻഡിംഗിൽ നിന്ന് ഏഴ് കിലോമീറ്റർ അകലയാണ് അപകടം ഉണ്ടായത്. നേവിയുടെ മുങ്ങൽ വിദഗ്ദ്ധർക്കൊപ്പം കുമളിയിലെ ടാക്സി ഡ്രൈവർമാരും പൊതുജനങ്ങളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. നാട്ടുകാരാണ് 26 മൃതദേഹങ്ങൾ കണ്ടെത്തിയത്. നേവിയുടെ സഹായത്തിലാണ് മറ്റ് ശവശരീരങ്ങൾ കണ്ടത്തിയത്. ഉത്തരേന്ത്യൻ വിനോദ സഞ്ചാരികളായിരുന്നു അപകടത്തിൽപ്പെട്ടവരിലേറെയും.
അന്വേഷണവും 'ദുരന്തമായി"
ജുഡീഷ്യൽ അന്വേഷണവും തുടർന്ന് ക്രൈംബ്രാഞ്ച് അന്വേഷണവും സർക്കാർ പ്രഖ്യാപിച്ചിരുന്നു. റിട്ട. ജസ്റ്റിസ് മൊയ്തീൻകുഞ്ഞിന്റെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണം പൂർത്തിയാക്കി സർക്കാറിന് റിപ്പോർട്ട് നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഐ.ജിയായിരുന്ന ശ്രീലേഖയുടെ മേൽനോട്ടത്തിൽ എസ്.പി വത്സനായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണ ചുമതല. മരിച്ചത് മുഴുവൻ അന്യസംസ്ഥാനക്കാരായതിനാൽ അന്വേഷണത്തിന് ചൂടുണ്ടായില്ല. ബോട്ടിലെ ഡ്രൈവർ, ലാസ്‌കർ, ബോട്ട് ഇൻസ്‌പെക്ടർ തുടങ്ങിയവരെ ക്രൈംബ്രാഞ്ച് അന്വേഷണസംഘം ആദ്യഘട്ടത്തിൽ അറസ്റ്റ് ചെയ്തിരുന്നു. ഫൈബർ ബോട്ടിന്റെ നിർമാണത്തിലെ അപാകതയാണ് അപകട കാരണമെന്ന് കണ്ടെത്തിയതിനെ തുടർന്ന് ബോട്ട് നിർമാണ കമ്പനിയിലേക്കും കരാറുകാരുടെ ഇടപാടുകളിലേക്കും നീങ്ങിയതോടെ അന്വേഷണം നിലച്ചു.
പത്താമാണ്ടിൽ കുറ്റപത്രം
തേക്കടി ബോട്ട് ദുരന്തത്തിന് 10 വർഷം തികയുമ്പോൾ തുടരന്വേഷണ സംഘം കേസിൽ ആദ്യകുറ്റപത്രം സമർപ്പിച്ചു. ബോട്ട് ദുരന്തം അന്വേഷിച്ച എസ്.പിയായിരുന്ന പി.എ. വത്സൻ നൽകിയ ആദ്യ കുറ്റപത്രം കോടതി തള്ളിയിരുന്നു. തുടർന്ന് അഞ്ച് വർഷത്തോളം കേസന്വേഷണം നടന്നില്ല. 2014 ഡിസംബർ 24 ന് തൊടുപുഴ അഡീഷനൽ സെഷൻസ് കോടതി(4) കേസിൽ രണ്ട് തരത്തിലുള്ള കുറ്റകൃത്യങ്ങളുണ്ടെന്നു കണ്ടെത്തി. രണ്ടിലും പ്രത്യേകം കുറ്റപത്രം നൽകാൻ നിർദേശിച്ചു. ഇതു പ്രകാരമാണ് കഴിഞ്ഞ ദിവസം ആദ്യ കുറ്റപത്രം സമർപ്പിച്ചത്.
കുറ്രപത്രം 1: രണ്ട് കുറ്റകൃത്യത്തിലും നേരിട്ടു ബന്ധമുള്ളവർക്ക് എതിരായ ആദ്യ കുറ്റപത്രമാണ് (എ ചാർജ്) നിലവിൽ നൽകിയിരിക്കുന്നത്.
കുറ്റകൃത്യത്തിൽ നേരിട്ട് ഇടപെട്ട ബോട്ട് ഡ്രൈവർ, ബോട്ടിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടെ നാല് പേരാണ് ആദ്യ കുറ്റപത്രത്തിൽ ഉൾപ്പെടുന്നത്.
കുറ്റപത്രം 2: ബോട്ട് നിർമിച്ചവരും ഗുണനിലവാരം പരിശോധിക്കാതെ നീറ്റിലിറക്കാൻ അനുമതി നൽകിയവരുമാകും രണ്ടാം കുറ്റപത്രത്തിൽ (ബി ചാർജ്) ഉണ്ടാകുക. ഇത് ഒരു മാസത്തിനുള്ളിൽ സമർപ്പിക്കും.