മറയൂർ: കുടുംബവഴക്കിനെ തുടർന്ന് പാമ്പാറിലെ കൊക്കയിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സ്ത്രീയെ നാട്ടുകാർ രക്ഷിച്ചു. കാന്തല്ലൂർ എസ്.സി കോളനിയിലെ സ്ത്രീയെയാണ് രക്ഷപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രി ഏഴിന് കാന്തല്ലൂർ മറയൂർ പഞ്ചായത്തുകളെ വേർതിരിക്കുന്ന പാമ്പാറ്റിൽ കോവിൽക്കടവ് തെങ്കാശിനാഥൻ ക്ഷേത്രത്തിന് താഴെയുള്ള വലിയ കുഴികൾക്ക് അരികിൽ നിന്നുമാണ് സ്ത്രീയെ രക്ഷപ്പെടുത്തിയത്. കോവിൽക്കടവ് ടൗണിലെത്തിയ സ്ത്രീയും ഭർത്താവും തമ്മിൽ വഴക്കുണ്ടായി. ഭർത്താവ് പാമ്പാർ പാലത്തിൽ നിൽക്കെ സ്ത്രീ പാമ്പാറിന്റെ ഭാഗത്തേക്ക് ഓടി പോവുകയായിരുന്നു. നദി തീരത്തുള്ളവർ ഓടിയെത്തി കൊക്കയ്ക്ക് സമീപം നിന്നിരുന്ന സ്ത്രീയെ ബലമായി പിടിച്ചു കരയ്ക്ക് എത്തിക്കുകയായിരുന്നു. നാട്ടുകാർ വിളിച്ചതനുസരിച്ച് എത്തിയ മറയൂർ എസ്.ഐ ജി. അജയകുമാറും സംഘവും ദമ്പതികളെ ഉപദേശിച്ച് കാന്തല്ലൂരിലെ വീട്ടിലെത്തിച്ചു. മുമ്പ് ഭർത്താവും ഒരിക്കൽ ആത്മഹത്യക്ക് ശ്രമിച്ച് രക്ഷപ്പെട്ടിട്ടുണ്ട്.