തൊടുപുഴ: ആധുനിക ജനാധിപത്യ സൃഷ്ടിക്ക് ജാതി വിരുദ്ധതയിൽ ഊന്നി ദളിതർ സാമുദായികമായി അണിനിരക്കണമെന്ന് ദളിത് ഐക്യ സമിതി സംസ്ഥാന പ്രസിഡന്റ് കെ.കെ. ജിൻഷു പറഞ്ഞു. സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളിൽ നിലനിൽക്കുന്ന ജാതി കേന്ദ്രീകൃത സമകാലീന സാഹചര്യത്തെ ഉടച്ചുവാർക്കുന്നതിന് ദളിതർക്കിടയിൽ നിന്ന് യുവനേതൃത്വങ്ങൾ ഉയർന്നു വരണമെന്നും അദ്ദേഹം പറഞ്ഞു. ഐക്യ സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മണക്കാട് നടത്തിയ പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദളിതർക്കിടയിൽ സമുദായിക ഐക്യം വികസിപ്പിക്കുന്നതിന് സന്ദേശ പ്രചരണ പരിപാടികൾ സംഘടിപ്പിക്കുന്നതിന് നേതൃത്വ പഠനക്യാമ്പിൽ തീരുമാനിച്ചു. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിൽ കമ്മിറ്റികൾ പുനഃസംഘടിപ്പിക്കാൻ തീരുമാനിച്ചു. സി.ബി. രമണൻ, പി.ആർ. സുരേഷ് കുമാർ, രഘുവരൻ മറവൻതുരുത്ത് എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു. സംസ്ഥാന സെക്രട്ടറി സജി പാമ്പാടി റിപ്പോർട്ട് അവതരിപ്പിച്ചു. പി.യു. പൗലോസ്, പി.ഐ. ജോണി, ബെന്നി സാമുവൽ, കെ.കെ. കുഞ്ഞപ്പൻ, പി.ഐ. അപ്പു, കെ.എ. കരുണാകരൻ എന്നിവർ നേതൃത്വം നൽകി.