രാജാക്കാട്: സഹജീവികൾ മരിച്ചുവീണിട്ടും ആളെ കുത്തിനിറച്ചുള്ള തൊഴിലാളി വാഹനങ്ങളുടെ മരണപാച്ചിലിന് അറുതിയില്ല. പുലിക്കുത്തിൽ തൊഴിലാളികളുമായി വന്ന ജീപ്പ് മറിഞ്ഞ് ആറ് പേർ മരിച്ച് രണ്ടാഴ്ച തികയും മുമ്പാണ് പെരിയകനാലിന് സമീപം വീണ്ടും അപകടമുണ്ടായത്. ദിവസവും ആയിരക്കണക്കിന് തമിഴ് തൊഴിലാളികളാണ് ഹൈറേഞ്ചിലെ തോട്ടം മേഖലയിൽ തൊഴിലിൽ തേടിയെത്തുന്നത്. വണ്ടിയോടിക്കുന്നവരുടെ ആർത്തിയും അശ്രദ്ധയും കാരണം കുടുംബം പോറ്റാനായി അതിർത്തി കടന്നെത്തുന്നവരുടെ ചേതനയറ്റ ശരീരമാകും പലപ്പോഴും തിരികെ വീട്ടിലെത്തുക. അല്ലെങ്കിൽ പരസഹായമില്ലാതെ ജീവിക്കാനാകാത്ത വിധം ജീവച്ഛവങ്ങളായി മാറും. മതിയായ രേഖകളില്ലാത്ത കാലഹരണപ്പെട്ട വാഹനങ്ങളിൽ അനുവനീയമായതിൽ കൂടുതൽ ആളുകളെ കയറ്റുന്നതും അമിത വേഗതയുമാണ് പലപ്പോഴും അപകടത്തിനിടയാക്കുന്നത്. ഏഴ് പേർക്ക് യാത്രചെയ്യാവുന്ന വാഹനത്തിൽ പതിനഞ്ചും അതിലധികവും തൊഴിലാളികളെയാണ് കയറ്റുന്നത്. ശ്വാസം വിടാൻപോലും കഴിയാത്ത വിധത്തിൽ ആളെ കുത്തിനിറച്ച് ചീറിപാഞ്ഞെത്തുന്ന വാഹനങ്ങൾ എല്ലാം അതിർത്തി ചെക്പോസ്റ്റുകൾ വഴിയാണ് കടന്നുവരുന്നത്. അതിർത്തി ചെക്പോസ്റ്റുകളിൽ വാഹനങ്ങൾ ഒരു പരിശോധനയും പോലുമില്ലാതെയാണ് കടത്തിവിടുന്നത്. അപകടങ്ങൾ തുടർക്കഥയായിട്ടും തൊഴിലാളി വാഹനങ്ങളുടെ മരണപ്പാച്ചിലിന് തടയിടാൻ അധികൃതർക്കാവുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ഉപജീവനത്തിനായി തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേയ്ക്കെത്തുന്ന തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ജില്ലാ ഭരണകൂടമടം ഇടപെടണമെന്ന ആവശ്യമാണ് ഉയരുന്നത്.

''വിഷയത്തിൽ അടിയന്തരമായ ഇടപെടൽ പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകും""

- ടി. നരായണൻ (ജില്ലാ പൊലീസ് മേധാവി)