തൊടുപുഴ: വൈദ്യുതി ബിൽ അടയ്ക്കാത്തതിന് മേലുദ്യോഗസ്ഥരുടെ നിർദേശ പ്രകാരം ഫ്യൂസ് ഊരിയതിന്റെ പേരിൽ കെ.എസ്.ഇ.ബി ലൈൻമാനെ കൈയേറ്റം ചെയ്തതായി പരാതി. തൊടുപുഴ ഇലക്ട്രിക്കൽ നമ്പർ 2 സെക്ഷനിലെ ലൈൻമാനായ തൊടുപുഴ മഠത്തിക്കണ്ടം പൊട്ടൻപറമ്പിൽ സി.കെ. ബഷീറിനെയാണ് (48) മർദിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 ന് ഏഴല്ലൂരിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഹോളോബ്രിക്‌സ് നിർമാണ യൂണിറ്റിലാണ് സംഭവം. സ്ഥാപനത്തിലെ വൈദ്യുതി ബിൽ കുടിശികയായതിനെ തുടർന്ന് എ.ഇയുടെ നിർദേശ പ്രകാരം ഓവർസിയർ കെ.എൻ. ബാബുവിനോടൊപ്പമെത്തി ബഷീർ സ്ഥാപനത്തിലെ ഫ്യൂസ് ഊരി മാറ്റുകയായിരുന്നു. പിന്നീട് സ്ഥാപന ഉടമ വൈദ്യുതി ബിൽ അടച്ചെന്ന് ബഷീറിനെ ഫോണിൽ വിളിച്ചറിയിച്ചു. ബിൽ അടച്ചെന്ന് ഉറപ്പു വരുത്തിയതിന് ശേഷം ഫ്യൂസ് തിരികെ കുത്താൻ ചെന്ന ബഷീറിനെ കൈയേറ്റം ചെയ്തെന്നാണ് പരാതി. 2012ൽ 11 കെവി ലൈനിൽ അറ്റകുറ്റപ്പണി നടത്തുമ്പോൾ ഷോക്കേറ്റ് ഒരു കൈ നഷ്ടപ്പെട്ടയാളാണ് ബഷീർ. മർദനമേറ്റ ബഷീർ തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ബഷീറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഹോളോബ്രിക്‌സ് സ്ഥാപന ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ ഒമ്പതിന് കെ.എസ്.ഇ.ബി ജീവനക്കാർ വൈദ്യുതി ബോർഡ് ഓഫീസിന് മുന്നിൽ യോഗം ചേരും.