ഉടുമ്പന്നൂർ: കേരളാ ഓർഗാനിക് ഡെവലപ്മെന്റ് സൊസൈറ്റിയുടെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ സെപ്‌തംബർ അഞ്ചിന് രാവിലെ 10 മുതൽ ഉടുമ്പന്നൂർ കേരളാ ഓർഗാനിക് ഡെവലപ്മെന്റ് സൊസൈറ്റി ഹാളിൽ തേനീച്ച വളർത്തൽ പരിശീലനം നടക്കും. ഹോർട്ടികോർപ്പിന്റെ പരിശീലകനായ ടി.എം. സുഗതൻ ക്ളാസ് നയിക്കും. ഉടുമ്പന്നൂർ കൃഷി ഓഫീസർ ജെയ്‌സിമോൾ. കെ.ജെ അദ്ധ്യക്ഷത വഹിക്കും. ഉടുമ്പന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സജീവ് ഉദ്ഘാടനം ചെയ്യും. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് ആവശ്യമായി വരുന്ന തേനീച്ച കോളനികളും അനുബന്ധ ഉപകരണങ്ങളും സൊസൈറ്റിയിൽ നിന്നും വിതരണം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 04862- 27155, 9496680718.
നേത്രപരിശോധനാ ക്യാമ്പ്
തൊടുപുഴ: ഗാന്ധിജിയുടെ 150ാം ജന്മവാർഷികത്തിന്റെ ഭാഗമായി കോലാനി ജനരഞ്ജിനി വായനശാലയിൽ മൂവാറ്റുപുഴ അഹല്യാ ഫൗണ്ടേഷൻ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ തിമിര ശസ്ത്രക്രീയ നിർണ്ണയ ക്യാമ്പ് നടത്തുന്നു. ഒക്ടോബർ 2 ന് രാവിലെ 9 മുതൽ നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ സുകുമാരൻ നിർവഹിക്കും.
എയർഫോഴ്സ് അവാർഡ്
തൊടുപുഴ: ജില്ലയിലെ എയർഫോഴ്സ് അസോസിയേഷൻ മെമ്പർമാരുടെ മക്കളിൽ പ്ളസ്ടു പരീക്ഷയിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും മെരിറ്റ് സർട്ടിഫിക്കറ്റും നൽകുന്നു. അർഹരായ അംഗങ്ങൾ സാക്ഷ്യപ്പെടുത്തിയ മാർക്ക് ലിസ്റ്റ് സഹിതം അസോസിയേഷന്റെ ഓഫീസിൽ അപേക്ഷ നൽകണം. ഫോൺ: 8281138334.
അറിയിപ്പ്
കുമാരമംഗലം: പഞ്ചായത്തിലെ വസ്തുനികുതി നിർണയ രജിസ്റ്റർ കുറ്റമറ്റതാക്കുന്നതിന്റെ ഭാഗമായി കെട്ടിടത്തിന്റെ വിവരങ്ങൾ തെറ്റായി ചേർത്തിട്ടുണ്ടെങ്കിലോ, വിട്ടുപോയിട്ടുണ്ടെങ്കിലോ തിരുത്തുന്നതിന് ആവശ്യമായ രേഖകൾ സഹിതം ഒക്ടോബർ ഒന്നിന് മുമ്പായി പഞ്ചായത്ത് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.
സൗജന്യ തൊഴിൽ പരിശീലനം
കുടയത്തൂർ: കേന്ദ്രസർക്കാർ വനിതകൾക്കായി ബ്യൂട്ടീഷ്യൻ മേഖലയിൽ പരിശീലനം നൽകുന്നു. മൂന്ന് മാസമാണ് പരിശീലന കാലാവധി. തിരഞ്ഞെടുക്കപ്പെടുന്ന 20 വ്യക്തികൾക്കാണ് പരിശീലനത്തിന് അർഹത ലഭിക്കുക. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഗവ. അംഗീകാരമുള്ള സർട്ടിഫിക്കറ്റ് ലഭിക്കും. താത്പര്യമുള്ളവർ ഒക്ടോബർ ഒന്നിന് മുമ്പായി കുടയത്തൂരിൽ പ്രവർത്തിക്കുന്ന ഡെവലപ്മെന്റ് സൊസൈറ്റിയിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ : 8129446086.
വെള്ളക്കരം
തൊടുപുഴ : ഒക്ടോബർ ഒന്ന് മുതൽ വെള്ളക്കരം സ്വീകരിക്കുന്ന സമയം രാവിലെ ഒമ്പത് മുതൽ വൈകിട്ട് നാല് വരെയായിരിക്കുമെന്ന് തൊടുപുഴ വാട്ടർ അതോറിട്ടി അസി. എക്സിക്യൂട്ടിവ് എൻജിനിയർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്, ഫോൺ: 04862- 222912.
തിയതി നീട്ടി
തൊടുപുഴ: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാക്ഷരതാ മിഷൻ അതോറിട്ടിയും ചേർന്ന് നടത്തുന്ന പത്താം തരം, ഹയർ സെക്കൻഡറി തുല്യതാ കോഴ്സിലേക്ക് ചേരുന്നതിനുള്ള തിയതി നീട്ടി. അവസാന തിയതി ഫൈൻ ഇല്ലാതെ ഒക്ടോബർ 10 വരെയും ഫൈനോടുകൂടി 15 വരെയുമാണ്. ഫോൺ: 9447237271.
കരകൗശല ഉൽപ്പന്ന യൂണിറ്റുകൾക്ക് സബ്‌സിഡി
തൊടുപുഴ: കേരളാ സർക്കാർ നടപ്പിലാക്കുന്ന ആഷ പദ്ധതി പ്രകാരം കരകൗശല ഉത്‌പന്നങ്ങൾ നിർമ്മിക്കുന്ന യൂണിറ്റുകൾക്ക് സബ്‌സിഡി നൽകുന്നു. എസ്.സി/ എസ്.ടി/ വനിതാ വിഭാഗങ്ങൾക്ക് 50 ശതമാനവും മറ്റ് വിഭാഗങ്ങൾക്ക് 40 ശതമാനവും സബ്സിഡി നൽകും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9446606178.
ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി
തൊടുപുഴ : കേരളാ കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ ക്ഷേമനിധി കുടിശിഖ അടയ്ക്കുന്നതിലേക്ക് ബോർഡ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പിലാക്കിയിരുന്നു. 22 ന് അവസാനിച്ച പദ്ധതിയുടെ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി. കുടിശ്ശിഖ അടയ്ക്കുന്നതിന് തൊഴിലുടമകൾ ബോർഡിന്റെ ജില്ലാ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. വശദ വിവരങ്ങൾ കേരളാ കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ വിവിധ ജില്ലാ ഓഫീസുകളിൽ ലഭിക്കും.
ഗാന്ധി സ്മൃതി
തൊടുപുഴ : ഗാന്ധിജിയുടെ 150ാം ജന്മവാർഷികത്തിന്റെ ഭാഗമായി കോൺഗ്രസ് തൊടുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ രണ്ടിന് ഗാന്ധിസ്മൃതി യാത്രകൾ നടത്തും. പദയാത്രകൾക്ക് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാർ നേതൃത്വം നൽകും. രാവിലെ മുനിസിപ്പൽ ഈസ്റ്റ് മണ്ഡലത്തിലും പുറപ്പുഴയിലും മുൻ ഡി.സി.സി പ്രസിഡന്റ് റോയി.കെ പൗലോസ് ജാഥ ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ വെസ്റ്റ് മണ്ഡലത്തിലും വൈകിട്ട് നാലിന് മണക്കാടും യു.ഡി.എഫ് ജില്ലാ ചെയർമാൻ എസ്. അശോകനും ജാഥ ഉദ്ഘാടനം ചെയ്യും. മുട്ടത്ത് കെ.പി.സി.സി എക്സിക്യൂട്ടിവ് മെമ്പർ സി.പി. മാത്യുവും, കുമാരമംഗലത്ത് ഡി.സി.സി സെക്രട്ടറി എൻ.ഐ ബെന്നിയും ഇടവെട്ടിയിൽ ബ്ളോക്ക് പ്രസിഡന്റ് ജാഫർഖാൻ മുഹമ്മദും കരിങ്കുന്നത്ത് മുൻ ഡി.സി.സി പ്രസിഡന്റ് റോയി.കെ.പൗലോസും ഗാന്ധിസ്മൃതി യാത്രകൾ ഉദ്ഘാടനം ചെയ്യും.