മുട്ടം: മലങ്കര അണക്കെട്ടിന് സമീപം താമസിക്കുന്ന 13 കുടുംബക്കാരെ പുനരധിവസിപ്പിക്കുന്നതിനുള്ള നിർദിഷ്ട ഭൂമിയിൽ കാട് വെട്ടിത്തെളിക്കലും മണ്ണ് മാന്തി നിലം നിരപ്പാക്കലും ആരംഭിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ് കുട്ടിയമ്മ മൈക്കിൾ വൈസ് പ്രസിഡന്റ് റെൻസി സുനീഷ്, അംഗങ്ങളായ ടി.കെ. മോഹനൻ, ബിജോയ്‌ ജോൺ, ഷൈജ ജോമോൻ, സുമോൾ ജോയ്‌സൺ, ബീന ജോർജ്, സതീഷ് എന്നിവർക്കൊപ്പം സ്ഥലം ലഭിച്ച 13 കുടുംബക്കാരും നിർദിഷ്ട സ്ഥലത്ത് പ്രവർത്തികൾ നടത്തുന്നതിന് നേതൃത്വം നൽകി. 51 സെന്റ് ഭൂമിയാണ് 13 കുടുംബങ്ങൾക്കായി സർക്കാർ അനുവദിച്ചിരിക്കുന്നത്. ഇന്ന് സ്ഥലം അളന്ന് അതിര് തിരിക്കും. അനുവദിച്ചിരിക്കുന്ന സ്ഥലത്ത് വീടുകൾ നിർമ്മിക്കുന്നതിന് തടസമായി നിൽക്കുന്ന പാഴ്മരങ്ങൾ ഉൾപ്പടെയുള്ളവ വെട്ടുന്നതിന് ഫോറസ്റ്റ് ഓഫീസർക്ക് പഞ്ചായത്ത്‌ കത്ത് നൽകും.