വഴികാട്ടാൻ വാഗമൺ' പദ്ധതിയ്ക്ക് അന്തിമരൂപം

തൊടുപുഴ :ഹരിത ടൂറിസത്തിലേയ്ക്ക് മിഴി തുറക്കുന്ന ഹരിതകേരളത്തിന്റെ 'വഴികാട്ടാൻ വാഗമൺ' പദ്ധതിയ്ക്ക് അംഗീകാരമായി.ജില്ലാ കളക്ടർ എച് ദിനേശന്റെ അദ്ധ്യക്ഷതയിൽ കൂടിയ ജില്ലാതല യോഗമാണ് പദ്ധതിക്ക് അന്തിമ രൂപം നൽകിയത്.പദ്ധതിയുടെ ഭാഗമായി വാഗമണ്ണിലേയ്ക്കുള്ള നാല് റൂട്ടുകളും ഹരിത ഇടനാഴികളായി മാറും.

ഉപ്പുതറ,ഏലപ്പാറ, തീക്കോയി, പുള്ളിക്കാനം എന്നിവിടങ്ങളിൽ ഹരിത ചെക്ക് പോസ്റ്റുകൾ തുറക്കും. ഇതിനു പുറമേ വഴിക്കടവിലെ വനം വകുപ്പ് ചെക്ക് പോസ്റ്റും ഹരിതചെക്ക് പോസ്റ്റാക്കും.


ഡിടിപിസി, ശുചിത്വമിഷൻ,കുടുംബശ്രീ ഏലപ്പാറ ,അറക്കുളം,കൂട്ടിക്കൽ, തീക്കോയി ഗ്രാമപ്പഞ്ചായത്തത്തുകൾ കൂട്ടുചേർന്നാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്‌കോഴിക്കോട്ടെ ദുർഗന്ധവാഹിനിയായ കാനോലി കനാലിനെ ശുചീകരിച്ചതിലൂടെ ശ്രദ്ധ നേടിയ പരിസ്ഥിതി സൗഹൃദ സ്ഥാപനമായ കോഴിക്കോട് നിറവിന്റെ സാങ്കേതിക സഹായം ഏലപ്പാറ ഗ്രാമപ്പഞ്ചായത്ത് വഴികാട്ടാൻ വാഗമൺ പദ്ധതിക്ക് ലഭ്യമാക്കിയിട്ടുണ്ട്.
ഹരിത ചെക്ക്‌പോസ്റ്റുകളിൽ പരിശോധനകൾക്കൊപ്പം ബോധവൽക്കരണം,പ്രകൃതി സൗഹൃദ ബദൽ ഉൽപ്പന്ന വിതരണം എന്നിവയും സജ്ജമാക്കും.കുടുംബശ്രീയുടെയും ഹരിതകർമ്മ സേനയുടെയും വോളണ്ടിയർമാരെയാകും ഈ ചെക്ക്‌പോസ്റ്റുകളിൽ നിയോഗിക്കുക.സഞ്ചാരികളുടെ പ്ലാസ്റ്റിക് മാലിന്യങ്ങൾ സമാഹരിക്കുന്നതിനൊപ്പം പ്രകൃതി സൗഹൃദ ഉൽപ്പന്നങ്ങളും ഇവിടെ നിന്നും ലഭ്യമാക്കും.ഈ പഞ്ചായത്തുകളിലെ പ്രകൃതി സൗഹൃദ ബദൽ ഉൽപ്പന്നങ്ങളുടെ നിർമ്മാണ യൂണിറ്റുകൾ വിപുലീകരിക്കാനും കുടുംബശ്രീയുമായി ചേർന്ന് ഇവയ്ക്ക് സബ്‌സിഡികൾ, പരിശീലനങ്ങൾ , സാങ്കേതിക സഹായങ്ങളും ലഭ്യമാക്കും.

പ്ളാസ്റ്റിക് തരംതിരിക്കും

ടൂറിസ്റ്റുകൾ കൂട്ടത്തോടെയെത്തുന്ന പ്രത്യേക കേന്ദ്രങ്ങളിൽ പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും തരംതിരിച്ച് പ്രത്യേകമായി സമാഹരിക്കുന്നതിന് ബിന്നുകളുണ്ടാകും.ഇവിടെ നിന്നും പാഴ് വസ്തുക്കൾ സമാഹരിച്ചു സൂക്ഷിക്കുന്നതിനായി എംസിഎഫ്(ഗോഡൗൺ) സൗകര്യവും ഒരുക്കും.ടൂറിസം പ്രദേശത്തെ കച്ചവട സ്ഥാപനങ്ങൾക്ക് സ്വന്തം മാലിന്യ സംസ്‌കരണ സംവിധാനത്തെ അടിസ്ഥാനമാക്കി ഗ്രീൻ സർട്ടിഫിക്കറ്റ് നൽകുന്നതിനും പദ്ധതി വിഭാവനം ചെയ്യുന്നു.