തൊടുപുഴ: ജില്ലാ ആശുപത്രിയിൽ എക്‌സ്‌റേ യൂണിറ്റ് പണിമുടക്കിയിട്ട് പത്തു ദിവസമാകുന്നു. എക്‌സ്‌റേ യൂണിറ്റ് തകരാറിലായതിന്റെ തൊട്ടടുത്ത ദിവസം തന്നെ ആശുപത്രി അധികൃതർ മെയിന്റനൻസ് ചെയ്യുന്നവരെ വിവരമറിയിച്ചെങ്കിലും വന്ന് പരിശോധിച്ച് പോയതല്ലാതെ ഇതുവരെ നന്നാക്കിയിട്ടില്ല. ഇതോടെ എക്‌സ്‌റേ എടുക്കേണ്ടി വരുന്ന രോഗികൾ സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. സാധാരണക്കാർ ഏറെ ആശ്രയിക്കുന്ന ആശുപത്രിയിൽ ബി.പി.എൽ വിഭാഗത്തിലുള്ളവർക്ക് എക്‌സ്‌റേ എടുക്കാൻ 60 രൂപയും മറ്റുള്ളവർക്ക് 120 രൂപയുമാണ് നൽകേണ്ടത്. എന്നാൽ, പുറത്തുള്ള എക്‌സ്‌റേ യൂണിറ്റുകൾ ഇതിന്റെ നാലിരട്ടി വരെ നിരക്ക് ഈടാക്കുന്നുണ്ടെന്ന് രോഗികൾ പറയുന്നു. ഇതു കൂടാതെ ഒരു മാസത്തിലേറെയായി അൾട്രാ സൗണ്ട് സ്‌കാനിംഗ് യൂണിറ്റും ഇവ പ്രവർത്തിക്കുന്നില്ലെന്നാണ് പരാതി. പുറത്ത് പരിശോധനയ്ക്ക് 800 രൂപ ഈടാക്കുമ്പോൾ ആശുപത്രിയിലാണെങ്കിൽ ഇതിന്റെ മൂന്നിൽ ഒന്ന് തുക മതിയാകും.
'എക്‌സ്‌റേ മെഷീൻ തകരാറിലായത് അറ്റകുറ്റപണി ചെയ്യുന്നവരെ അറിയിച്ചിട്ടുണ്ട്. ഉടൻ മെഷീൻ പ്രവർത്തന സജ്ജമാക്കും."
- ഉമാദേവി (ആശുപത്രി സൂപ്രണ്ട്)
ആംബുലൻസും ഓടുന്നില്ല
സാധാരണക്കാർക്ക് ഏറെ ആശ്വാസമായിരുന്ന ആംബുലൻസ് സർവീസും ജില്ലാ ആശുപത്രിയിൽ കൃത്യമായി പ്രവർത്തിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. പുറത്ത് നിന്ന് വൻ തുക മുടക്കി ആംബുലൻസ് വിളിക്കേണ്ട ഗതികേടിലാണ് പാവപ്പെട്ടവർ.