തൊടുപുഴ: റേഷൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള അവസാന തീയതി നീട്ടി. ഇന്നലെയായിരുന്നു അവസാന ദിവസമായി നിശ്ചയിച്ചിരുന്നത്. എന്നാൽ വെബ്‌സൈറ്റ് തകരാറിലായതോടെ ഒട്ടേറെ പേർക്ക് കാർഡുകൾ തമ്മിൽ ബന്ധിപ്പിക്കാനായില്ല. ഇതെതുടർന്നാണ് തീയതി നീട്ടിയതായി അറിയിച്ചത്. എന്നാൽ എന്നു വരെ അവസരമുണ്ടാകുമെന്ന് അറിയിപ്പിൽ വ്യക്തമാക്കിയിട്ടില്ല. ഒരു മാസം കൂടി നീട്ടിയേക്കുമെന്ന് സിവിൽ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. സംസ്ഥാനത്തുടനീളം വെബ്‌സൈറ്റ് തകരാറിലായതോടെ ആയിരക്കണക്കിന് റേഷൻ ഉപഭോക്താക്കൾക്ക് ആധാറുമായി ലിങ്ക് ചെയ്യാനാകാതെ വന്നതോടെയാണ് തീയതി വീണ്ടും നീട്ടാൻ ഭക്ഷ്യവിതരണ വകുപ്പ് തീരുമാനിച്ചത്. ആധാർ കാർഡും റേഷൻ കാർഡും ലിങ്ക് ചെയ്താൽ മാത്രമേ ഇനി ഉപഭോക്താക്കൾക്ക് റേഷൻ ലഭ്യമാകൂ എന്നതിനാലാണ് ഇതിനായി അക്ഷയ കേന്ദ്രങ്ങളിൽ തിരക്കേറിയത്. ഇതിനിടെ പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള അവസാന തീയതിയും കഴിഞ്ഞ ദിവസമായിരുന്നു. ഇതിന് രണ്ടിനുമായി ആളുകൾ അക്ഷയ കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തിയതോടെയാണ് വെബ്‌സൈറ്റ് തകരാറിലായത്. തിരക്ക് പരിഗണിച്ച് പാൻകാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള അവസാന തിയതി ഡിസംബർ 31 വരെയായി നീട്ടിയിരുന്നു. സൈറ്റ് പണിമുടക്കിയതോടെ റേഷൻ കാർഡും ആധാർ കാർഡുമായി ബന്ധിപ്പിക്കാൻ ഒട്ടേറെ ഉപഭോക്താക്കൾക്ക് കഴിയാതെ വന്നു. ഈ സാഹചര്യത്തിൽ തീയതി നീട്ടിയതായി ഭക്ഷ്യവിതരണ വകുപ്പ് അറിയിക്കുകയായിരുന്നു.