തൊടുപുഴ: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് വർഗീയതയ്ക്കും അക്രമത്തിനും അസഹിഷ്ണതയ്ക്കുമെതിരെ ഗാന്ധി സ്മൃതി യാത്ര നടത്താൻ രാജീവ് ഭവനിൽ കൂടിയ വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം തീരുമാനിച്ചു. ഗാന്ധിജയന്തി ദിനത്തിൽ വെങ്ങല്ലൂരിൽ നിന്ന് രാവിലെ ഒമ്പതിന് ആരംഭിക്കുന്ന സ്മൃതി യാത്ര യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ്. അശോകൻ ഉദ്ഘാടനം ചെയ്യും. ടൗൺ ചുറ്റി ഗാന്ധി സ്‌ക്വയറിൽ എത്തിച്ചേരുമ്പോൾ നടക്കുന്ന സമാപന സമ്മേളനം മുൻ ഡി.സി.സി പ്രസിഡന്റ് റോയി കെ. പൗലോസ് ഉദ്ഘാടനം ചെയ്യും. മണ്ഡലം കമ്മിറ്റി യോഗം ഡി.സി.സി ജനറൽ സെക്രട്ടറി എൻ.ഐ. ബെന്നി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുരേഷ് രാജു അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ജോൺ നെടിയപാല, ജാഫർഖാൻ മുഹമ്മദ്, പി.എൻ. രാജീവൻ, ടി.പി. ദേവസ്യ, ബേബി ചീമ്പാറ, കെ.ജി. സജിമോൻ, നിഷ സോമൻ എന്നിവർ സംസാരിച്ചു.