തറക്കല്ലിട്ടത് 2010 ജൂൺ 18ന് മന്ത്രി എളമരം കരീം
ഉദ്ഘാടനം 2018 ഒക്ടോബർ 29 ന് മന്ത്രി ഇ.പി ജയരാജൻ
ഒരു ദിവസം ഇവിടെ ഉത്പാദിപ്പിക്കുന്നത് 600 കിലോ നൂൽ
നിലവിൽ ദിവസക്കൂലി 300 രൂപ
മടിക്കൈ: ''ഒരു വർഷമായി 300 രൂപയാണ് ദിവസക്കൂലി. രാവിലെ 6 മണിക്ക് തുടങ്ങുന്ന ആദ്യ ഷിഫ്റ്റിനെത്താൻ ഓട്ടോ പിടിക്കണം. വിദൂര ജില്ലകളിൽ നിന്നെത്തി ലോഡ്ജുകളിൽ താമസിക്കുന്നവരാകട്ടെ വാടകയ്ക്കും ഭക്ഷണത്തിനും കടം വാങ്ങണം...'' ഉദുമയിലെ മൈലാട്ടിൽ പ്രതീക്ഷയോടെ തുടങ്ങിയ സ്പിന്നിംഗ് മില്ലിലെ തൊഴിലാളികളുടെ അവസ്ഥയാണിത്.
വി.എസ് സർക്കാരിന്റെ കാലത്താണ് ഉദുമയിൽ സ്പിന്നിംഗ്‌മിൽ നിർമ്മാണം തുടങ്ങിയത്. 2010 ജൂൺ 18ന് വ്യവസായ മന്ത്രി എളമരം കരീമാണ് തറക്കല്ലിട്ടത്. ഇതിനു പിന്നാലെ 2011ജനുവരി 28ന് പ്രവർത്തന ഉദ്ഘാടനവും നിർവഹിച്ചു. തുടർന്ന് ജീവനക്കാരെ തിരഞ്ഞെടുക്കുന്നതു മുതൽ തുടങ്ങിയ പ്രശ്നങ്ങൾ കാരണം പ്രവർത്തനം അനന്തമായി നീണ്ടു. ഒടുവിൽ കഴിഞ്ഞ വർഷം ഒക്ടോബർ 29നാണ് മന്ത്രി ഇ.പി ജയരാജൻ ഉദ്ഘാടനം ചെയ്തത്. 12 ജില്ലകളിൽ നിന്നുള്ള നൂറോളം ജീവനക്കാരായിരുന്നു ഇവിടെ ജോലിയിൽ കയറിയത്. തുടക്കത്തിൽ 250 രൂപയായിരുന്നു സ്റ്റൈപ്പന്റ് ആയി നൽകിയത്. നാൽപത് വയസിനടുത്ത് പ്രായമുള്ള പലർക്കും ഈ തുക കൊണ്ട് പിടിച്ചുനിൽക്കാൻ സാധിക്കാതായതോടെ മൂന്നിലൊന്ന് തൊഴിലാളികളും സ്വമേധയാ പിരിഞ്ഞു പോയി. ഏഴു വർഷത്തെ നിയമ പോരാട്ടത്തിന് ഒടുവിൽ കിട്ടിയ ജോലിയിൽ തുടരാനാകാത്തതിലെ സങ്കടത്തിലാണ് ഇവരുടെ മടക്കം.
അസിസ്റ്റന്റ് മാനേജറുടെ കീഴിൽ ഒരുമാസം മാത്രം പരിശീലനം ലഭിച്ചാണ് തങ്ങൾ നല്ല രീതിയിൽ ജോലി ചെയ്യുന്നതെന്നും വേതനം കൂട്ടാതെ നിത്യവൃത്തി പോലും സാധിക്കുന്നില്ലെന്നും തൊഴിലാളികൾ പരാതി പറയുന്നു. ഇതേ ലിസ്റ്റിൽ നിന്നും ജോലിയിൽ പ്രവേശിച്ച ആലപ്പുഴ കോമളപുരം സ്പിന്നിംഗ് മില്ലിലെ തൊഴിലാളികൾ ഇപ്പോഴും പരിശീലനം തുടരുമ്പോഴാണ് ഇത്രയേറെ മികച്ച രീതിയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ദുരവസ്ഥ.ഭരണം മാറുന്നതിന് മുൻപെങ്കിലും മാറ്റം ഉണ്ടായില്ലെങ്കിൽ വീണ്ടും ജീവിതം ദുസ്സഹമാകുമെന്നാണ് ഇവരുടെ ആശങ്ക.
അസിസ്റ്റന്റ് മാനേജറുടെ കീഴിൽ ഒരുമാസം മാത്രം പരിശീലനം ലഭിച്ചാണ് നല്ല രീതിയിൽ ജോലി ചെയ്യുന്നത്. വേതനം കൂട്ടാതെ നിത്യവൃത്തി പോലും സാധിക്കില്ല
തൊഴിലാളികൾ
ഒരു ദിവസം ഇവിടെ നിന്നും 600 കിലോ നൂലാണ് ഉത്പാദിപ്പിക്കുന്നത്. ഇത് ഇരട്ടിയാക്കാനുള്ള ശ്രമത്തിലാണ് ഡിപ്പാർട്ട്മെന്റ് ഇതിനായി ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കാനും ശ്രമം നടക്കുന്നുണ്ട്
അധികൃതർ