കണ്ണൂർ: കെട്ടിട നിർമ്മാണങ്ങൾക്കായി കല്ലും മണലും തന്നെ വേണമെന്ന വാശി ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഹരിത കേരളം മിഷന്റെ ഭാഗമായി വിവിധ വകുപ്പുകൾ നടപ്പിലാക്കുന്ന പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂർ കടമ്പൂർ കുഞ്ഞുമോലോം ക്ഷേത്ര പരിസരത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ക്വാറികളെ കൂടുതലായി ആശ്രയിക്കേണ്ടി വരുന്നത് ഇതുകൊണ്ടാണ്. ഫാക്ടറി നിർമ്മിത കെട്ടിടഭാഗങ്ങൾ ഒന്നിച്ചുചേർത്ത് ദിവസങ്ങൾക്കകം ബഹുനില കെട്ടിടങ്ങൾ ഉൾപ്പെടെ നിർമിക്കുന്ന സാങ്കേതികവിദ്യ നിലവിലുണ്ട്. കല്ലുകളിൽ നിർമ്മിച്ച കെട്ടിടങ്ങൾക്കു മാത്രമെ ഉറപ്പുണ്ടാവൂ എന്ന ചിന്ത മാറണം. ഇനിയുമൊരു പ്രകൃതിക്ഷോഭം ഉണ്ടാവുകയാണെങ്കിൽ അതിനെ അതിജീവിക്കാൻ പാകത്തിലുള്ള നിർമാണ രീതികളാണ് അവലംബിക്കേണ്ടത്. ഇതിനായി ദേശീയ - അന്തർ ദ്ദേശീയ തലത്തിലുള്ളവരുടെ അനുഭവങ്ങളും വൈദഗ്ദ്ധ്യവും ഉപയോഗപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തോന്നുന്നിടത്തെല്ലാം വീടുകൾ നിർമിക്കുന്ന രീതി അവസാനിപ്പിക്കണം. ഉരുൾപൊട്ടലുണ്ടാവാനിടയുള്ളതും സ്ഥിരമായി വെള്ളം കയറുന്നതുമായ സ്ഥലങ്ങളിൽ നിർമാണങ്ങൾ ഒഴിവാക്കണം. അത്തരം സ്ഥലങ്ങളിൽ താമസിക്കുന്നവർക്കായി ബദൽ സംവിധാനങ്ങൾ കണ്ടെത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തോടുകളും കുളങ്ങളും മറ്റും നികത്തി വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസപ്പെടുത്തിയതാണ് പലയിടങ്ങളിലും വെള്ളപ്പൊക്കമുണ്ടാവാൻ കാരണമായത്. ഭാവിയിൽ ഇത്തരം സാഹചര്യം ഒഴിവാക്കുന്നതിന് നേരത്തേ വലിയ തോടുകൾ ഉണ്ടായിരുന്നിടത്ത് അവ പുനർനിർമിക്കണം. പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി ഇത്തവണത്തെ ഓണാഘോഷം പ്ലാസ്റ്റിക് മുക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.