കാസർകോട്: ബദിയടുക്ക മാന്യയിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കാൻ എന്ന പേരിൽ കൈയേറി സ്വന്തമാക്കിയത് പട്ടിക വിഭാഗക്കാർക്ക് വേണ്ടി മാറ്റിവെച്ച സർക്കാർ ഭൂമി.
സർവ്വേ നമ്പർ 584 ലുള്ള സ്റ്റേഡിയത്തിനോട് ചേർന്ന ഭൂമി പട്ടിക വർഗ വിഭാഗക്കാരുടെ കൈവശം ഉണ്ടായിരുന്നതാണ്. ഈ സ്ഥലം കൈമാറ്റം ചെയ്യണമെങ്കിൽ നിയമപ്രകാരം ജില്ല കളക്ടറുടെ അനുമതി തേടണം. ഇതു പാലിക്കാതെ റിയൽ എസ്റ്റേറ്റ് മാഫിയ ചുളുവിലയ്ക്ക് ഭൂമി വാങ്ങിയ ശേഷം ക്രിക്കറ്റ് അസോസിയേഷനു കൈമാറുകയായിരുന്നു എന്നാണ് ആരോപണം. പട്ടികവർഗക്കാരുടെ ക്ഷേമത്തിന് വേണ്ടി മാറ്റിവെച്ച സർക്കാർ ഭൂമിയിൽ നിന്നും ഒരു ഏക്കറിലധികം ഭൂമിയാണ് കൈയേറി സ്വന്തം ഭൂമിയോടു ചേർത്തത്.
ക്രിക്കറ്റ് അസോസിയേഷൻ മുൻ ഭാരവാഹികളുടെ കാലത്താണ് ഭൂമി ഇടപാട് നടന്നത്. സ്റ്റേഡിയത്തിനായി സ്ഥലം വാങ്ങുമ്പോൾ നഗരത്തിലെ മുസ്ളീംലീഗ് നേതാവ് സ്ഥിരം ക്ഷണിതാവായിരുന്നു. എല്ലാവരും അറിഞ്ഞുകൊണ്ടാണ് ഭൂമി ഇടപാടും സർക്കാർ ഭൂമി കൈയേറ്റവും നടന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവം സംബന്ധിച്ച് ശക്തമായ നടപടി സ്വീകരിക്കാൻ തന്നെയാണ് സർക്കാർ നീക്കം. രണ്ടുതരത്തിലാണ് ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ നടപടി ഉണ്ടാവുക. സ്ഥലം കൈയേറ്റത്തിനും നിയമവിരുദ്ധമായി സ്ഥലം നികത്തിയതിനുമായിരിക്കും ഇതെന്നാണ് സൂചന.
20,000 നു വാങ്ങി,
45,000 നു വിറ്റു
റവന്യു വകുപ്പ് നടത്തിയ അന്വേഷണത്തിൽ അന്നത്തെ സ്ഥലം വില്ലേജ് ഓഫീസറും പഞ്ചായത്ത് സെക്രട്ടറിയും അറിയാതെ 'കച്ചവടം' ഉറപ്പിക്കാൻ കഴിയില്ലെന്നു കണ്ടെത്തിയിരുന്നു. മാന്യയിലെ 8.46 ഏക്കർ ഭൂമി സെന്റൊന്നിന് 20,000 രൂപയ്ക്ക് വാങ്ങി 45,000 രൂപയ്ക്കാണ് മറിച്ചുവിറ്റതെന്നും വ്യക്തമായി. സ്റ്റേഡിയത്തിനു നടുവിലൂടെ കടന്നുപോകുന്ന തോട് ഗതിമാറ്റിയതായും അന്വേഷണം നടത്തിയ റവന്യു വകുപ്പ് കണ്ടെത്തിയിരുന്നു. തോട് കടന്നുപോകുന്ന 32 സെന്റ് ഭൂമി വാങ്ങുമ്പോൾ നിയമോപദേശം തേടുകയോ ഭൂമി വില്പന നിയമങ്ങൾ പാലിക്കുകയോ ചെയ്തില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
സർക്കാർ ഭൂമി കൈയേറാൻ കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ മാത്രമല്ല ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെയും അന്വേഷണം നടത്തും. മാന്യ ബദിയടുക്കയിലെ ഒരു പ്രധാന സ്ഥലമാണ്. ആ പ്രദേശത്തെ ഏറ്റവും വിലകൂടിയ ഭൂമിയാണ് തട്ടിയെടുത്തിരിക്കുന്നത്. ആരെയും വെറുതെ വിടില്ല. അഞ്ചു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാണ് അസോസിയേഷൻ ഭാരവാഹികൾ ചെയ്തിരിക്കുന്നത്. ഇവരുടെ ഇടപാടിനെ കുറിച്ചും ഓരോരുത്തരുടെ പങ്കും അന്വേഷിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
ഡോ. ഡി. സജിത് ബാബു
കാസർകോട് ജില്ലാ കളക്ടർ