കാസർകോട്: തീരദേശ റോഡിന് പരിഗണിക്കുന്ന ബേക്കൽ സൗത്ത് ബീച്ച് - കെ.ടി.ഡി.സി റോഡ് എട്ട് മീറ്ററുള്ളത് അഞ്ച് മീറ്ററായി ചുരുക്കി റോഡ് നിർമിക്കാനുള്ള ബി.ആർ.ഡി.സിയുടെ അശാസ്ത്രീയ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു.
റോഡിൽ മതിലിനോട് ചേർന്ന് ഓവുചാൽ പണിയുന്നതിനു പകരം മതിലിൽനിന്ന് രണ്ട് മീറ്റർ വിട്ട് ഓവുചാൽ നിർമിക്കുന്നതിലൂടെ റോഡിന്റെ വീതി അഞ്ച് മീറ്ററായി ചുരുങ്ങുമെന്നാണ് ആക്ഷേപം. സൗത്ത് ബീച്ചിലേക്ക് വിനോദസഞ്ചാരികളുമായി ബസിലോ മറ്റോ ആളുകൾ വന്നാൽ എതിരെ ഏതെങ്കിലും വാഹനങ്ങൾ കടന്നുപോകണമെങ്കിൽ തടസ്സം നേരിടും.
ഓവുചാലിനായി ഇപ്പോൾ അഞ്ച് മീറ്റർ വിട്ട് ഒരു മീറ്റർ വീതിയിൽ കോൺക്രീറ്റ് ചെയ്തുവരുന്നുണ്ട്. തീരദേശ റോഡ് കടന്നുപോകേണ്ട ഇവിടെ തീരദേശ റോഡിനുള്ള തീരുമാനം നടപ്പിലായാൽ ഇപ്പോൾ കെട്ടിക്കൊണ്ടിരിക്കുന്ന ഓവുചാൽ പൂർണമായും പൊളിച്ചുകളയേണ്ടിവരും. ഇത് സർക്കാറിന് വലിയ നഷ്ടമാണുണ്ടാക്കുക. ബേക്കലിലെ കെ.ടി.ഡി.സി കോട്ടേജിലേക്ക് വരുന്ന വിനോദസഞ്ചാരികൾക്കുപോലും റോഡിന് വീതിയില്ലാത്തത് പ്രശ്‌നങ്ങൾ സൃഷ്ടിക്കും.
അശാസ്ത്രീയമായ രീതിയിൽ ഇപ്പോൾ നടക്കുന്ന ഓവുചാൽ നിർമ്മാണം എത്രയും പെട്ടെന്ന് അവസാനിപ്പിച്ച് മതിലിനോട് ചേർന്ന് ഓവുചാൽ നിർമ്മിക്കണമെന്ന് ബേക്കൽ ടൂറിസം ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി സൈഫുദ്ദീൻ കളനാട് ആവശ്യപ്പെട്ടു.