മേയർ തിരഞ്ഞെടുപ്പ് നാളെ

കണ്ണൂർ: കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷിനെതിരെ എൽ.ഡി.എഫ് നൽകിയ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 28 അംഗങ്ങളുടെ പിന്തുണ വേണ്ടിടത്ത് എൽ.ഡി.എഫിന്റെ 26 വോട്ട് മാത്രമാണ് പ്രമേയത്തിന് ലഭിച്ചത്. അവിശ്വാസ പ്രമേയ ചർച്ചയ്ക്കു ശേഷം യു.ഡി.എഫ് അംഗങ്ങൾ വോട്ടെടുപ്പ് ബഹിഷ്‌കരിക്കുകയായിരുന്നു.

രാവിലെ ജില്ലാ കളക്ടർ ടി.വി. സുഭാഷിന്റെ അധ്യക്ഷതയിലായിരുന്നു അവിശ്വാസ പ്രമേയം പരിഗണിച്ചത്.ആഗസ്റ്റ് 17ന് യു.ഡി.എഫ് അവിശ്വാസത്തിലൂടെ മേയർ സ്ഥാനത്തു നിന്ന് സി.പി.എമ്മിലെ ഇ.പി. ലതയെ പുറത്താക്കിയിരുന്നു.

നാലുവർഷത്തോളമായി എൽ.ഡി.എഫിനൊപ്പം നിന്ന, കോൺഗ്രസ് വിമതനായി ജയിച്ച പി.കെ. രാഗേഷ് യു.ഡി.എഫ് പക്ഷത്തേക്ക് കൂറുമാറിയതിനെ തുടർന്നായിരുന്നു ഇ.പി. ലതയ്ക്ക് മേയർ സ്ഥാനം നഷ്ടമായത്.
ഇതിനുള്ള തിരിച്ചടിയെന്ന നിലയിലാണ് എൽ.ഡി.എഫ് ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷിനെതിരെ ജില്ല കളക്ടർക്ക് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയത്. 55 അംഗ കൗൺസിലിൽ എൽ.ഡി.എഫിന് 26 ഉം യു.ഡി.എഫിന് 28 ഉം അംഗങ്ങളാണുള്ളത്. സി.പി.എമ്മിലെ ഒരംഗം മരിച്ചതോടെയാണ് അവരുടെ അംഗബലം 26 ആയി കുറഞ്ഞത്.

രാഗേഷിനോട് അതൃപ്തിയുള്ള യു.ഡി.എഫിലെ ആരെങ്കിലും വോട്ടുചെയ്താൽ അവിശ്വാസം പാസാകുമെന്നായിരുന്നു എൽ.ഡി.എഫിന്റെ പ്രതീക്ഷ. എന്നാൽ യു.ഡി.എഫ് തന്ത്രം ലക്ഷ്യംകണ്ടതോടെ രാഗേഷിനെതിരെയുള്ള പ്രമേയം തള്ളിപ്പോവുകയായിരുന്നു.

നാളെയാണ് പുതിയ മേയറെ തിരഞ്ഞെടുക്കാൻ കൗൺസിൽ ചേരുന്നത്. യു.ഡി.എഫിന്റെ മേയർ സ്ഥാനാർഥി സുമാ ബാലകൃഷ്ണനും ഇടതുമുന്നണിയുടേത് മുൻ മേയർ ഇ.പി. ലതയുമാണ്.

കഴിഞ്ഞ മൂന്നേമുക്കാൽ വർഷം എൽ.ഡി.എഫ് കോർപ്പറേഷൻ ഭരിച്ചപ്പോഴുള്ള ഭരണ പരാജയം മറച്ചുവയ്ക്കാനും ജനങ്ങളുടെ കണ്ണിൽ പൊടി ഇടാനുമാണ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്. കോർപ്പറേഷൻ വികസനത്തെ പിറകോട്ട് വലിച്ചതിനു കാരണക്കാരായ സി.പി.എമ്മും ഇടതുമുന്നണിയും ജനങ്ങളോട് മറുപടി പറയണം.

കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് ടി.ഒ. മോഹനൻ