ജില്ലയിൽ 13 കടവുകൾ ഉള്ളതിൽ

പ്രവർത്തിക്കുന്നത് 9 മാത്രം

കാസർകോട്: തീരദേശങ്ങളിൽ മണലെടുപ്പ് സംബന്ധിച്ച വിവാദം ചൂടുപിടിച്ചുനിൽക്കെ, പുഴകളിൽ നിന്നും മണൽ വാരുന്നതിന് മണൽകടവുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വലിയപറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ടി അബ്ദുൾ ജബ്ബാർ തുറമുഖ വകുപ്പിന് നൽകിയിരുന്ന അപേക്ഷയിൽ തീരുമാനം എടുക്കാൻ അധികാരമില്ലെന്ന് പറഞ്ഞു കാസർകോട് ജില്ലാ കളക്ടറും പോർട്ട് ഓഫീസറും തള്ളി.

പരമ്പരാഗത കടവുകളിൽ നിന്ന് നിയമവിധേയമായി മണൽ വാരുന്നതു പോലെ പുതിയ കടവുകൾ നിർമ്മിച്ച് മണൽ വാരുന്നത് അനുവദിക്കാൻ നിയമപരമായ ഒട്ടേറെ കടമ്പകൾ കടക്കേണ്ടിവരുമെന്ന് ചൂണ്ടിക്കാണിച്ചാണ് അപേക്ഷ നിരസിച്ചത്. മണൽവാരുന്നതിന് കാസർകോട് പോർട്ട് ഓഫീസിൽ നൽകിയ അപേക്ഷയിൽ മുറുകെ പിടിച്ചാണ് വലിയപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് മണൽകടവിന് വേണ്ടി വാദിച്ചത്. മണൽ വാരുന്നതിനെ എതിർക്കുന്ന പ്രസിഡന്റ് തന്നെ കടവിന് അപേക്ഷ നൽകിയതും വിവാദമായിട്ടുണ്ട്. പുതിയ മണൽ കടവുകൾ അനുവദിക്കണമെങ്കിൽ സർക്കാർ തലത്തിലും തുറമുഖ വകുപ്പ് ഉന്നതതലങ്ങളിലും തീരുമാനം ഉണ്ടാകണമെന്നും തങ്ങൾ ഇക്കാര്യത്തിൽ നിസ്സഹായരാണെന്നും കളക്ടറും പോർട്ട് ഓഫീസറും ചൂണ്ടിക്കാണിച്ചു.

കളക്ടർ വിളിച്ച യോഗത്തിൽ പഞ്ചായത്ത്
പ്രസിഡന്റുമാരുടെ വാക്‌പോര്

മണൽവാരൽ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു വിളിച്ചു ചേർത്ത തീരദേശ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും തൊഴിലാളി പ്രതിനിധികളുടെയും യോഗത്തിൽ മണൽ കടവുകളെ ചൊല്ലി ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറയും വലിയപറമ്പ് പ്രസിഡന്റ് അബ്ദുൾ ജബ്ബാറും പരസ്പരം തർക്കിച്ചതും വാക്പോരിൽ ഏർപ്പെട്ടിരുന്നതും പുറത്തുവന്നു. കടവുകളിൽ നിന്നും മണലെടുക്കുന്നതിലൂടെ കിട്ടുന്ന വരുമാനം കൊണ്ടാണ് ചെറുവത്തൂർ പഞ്ചായത്തിൽ വികസനപദ്ധതികൾ നടത്തുന്നതെന്ന അബ്ദുൾ ജബ്ബാറിന്റെ വാദമാണ് മാധവനെ ചൊടിപ്പിച്ചത്. ഈ വാദത്തെ മാധവൻ അതിനിശിതമായി വിമർശിച്ചു. മണൽ വാരൽ നിമിത്തം പരിസ്ഥിതിക്ക് ഗുരുതരമായ കോട്ടമുണ്ടാകുന്നു എന്നുപറയുന്ന പ്രസിഡന്റ് തന്നെ മണൽകടവിന് അപേക്ഷ നൽകിയതിന്റെ വൈരുദ്ധ്യം ചൂണ്ടിക്കാണിച്ചാണ് മാധവൻ മണിയറ ജബ്ബാറിന്റെ വാദങ്ങൾ പൊളിച്ചടുക്കിയത്. തർക്കം മുറുകിയതോടെ പരസ്പരം വെല്ലുവിളി നടത്തിയാണ് ഇരുവരും ഇറങ്ങിപ്പോയതത്രെ. നിലവിലുള്ള തൊഴിലാളികൾക്ക് തന്നെ ജോലിയില്ലെന്നും പുതിയ കടവിന് വേണ്ടിയുള്ള അവകാശവാദം ബാലിശമാണെന്നും തൊഴിലാളി സംഘടന പ്രതിനിധികളും ചൂണ്ടിക്കാണിച്ചിരുന്നു.